മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 76 ലക്ഷത്തിലധികം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. വെള്ളിയാഴ്ച രാത്രി ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കോഴിക്കോട് അരൂർ കക്കട്ടിൽ സ്വദേശി അബ്ദുൾ റഹീമിൽ (43) നിന്നാണ് 1457 ഗ്രാം സ്വർണം പിടികൂടിയത്.
ഇതിന് വിപണിയിൽ 76,63,820 രൂപ വില വരും. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പ്ലാസ്റ്റിക് കവറിലാക്കി ഇരുകാലുകളിലും കെട്ടിവെച്ചാണ് കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 32.5 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് ചെങ്കളയിലെ സൽമാൻ ഫാരിസിനെ കസ്റ്റംസ് പിടികൂടിയിരുന്നു. പരിശോധനയ്ക്ക് കസ്റ്റംസ് അസി. കമ്മിഷണർ ഇ.വികാസ്, സൂപ്രണ്ടുമാരായ വി.പി. ബേബി, പി.സി. ചാക്കോ, നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, ഹബീബ്, ജോയ് സെബാസ്റ്റ്യൻ, മനോജ് യാദവ്, ഹവീൽദാർ രാജൻ എന്നിവർ നേതൃത്വം നൽകി.