kunchacko-boban

കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് നിഴല്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. നിലത്ത് ഒട്ടിപ്പിടിച്ച ഒരു സ്റ്റിക്കര്‍ നീക്കാന്‍ പാടു പെടുന്ന വീഡിയോയാണ് ചാക്കോച്ചന്‍ പങ്കുവച്ചിരിക്കുന്നത്.

''ഏറ്റവും ലളിതമായ ജോലികള്‍ നിങ്ങളെ എളിയവനാക്കുമ്പോള്‍, ഒരു പേപ്പര്‍ സ്റ്റിക്കര്‍ കൊടുത്ത പണി'' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടിപിടിച്ച സ്റ്റിക്കര്‍ ഇളക്കിയെടുക്കാന്‍ വെള്ളം മുതല്‍ സ്‌ക്രൂ ഡ്രൈവര്‍ വരെ താരവും കൂടെയുള്ളവരും പ്രയോഗിക്കുന്നുണ്ട്. നിഴലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനം പുറത്ത് വിട്ടിരുന്നു.

കഴിഞ്ഞ മാസം 19-നാണ് നിഴലിന്റെ ചിത്രീകരണം ആരംഭിച്ചത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് നിഴല്‍. നയന്‍താരയും ഷൂട്ടിംഗിനായി ജോയിന്‍ ചെയ്തു കഴിഞ്ഞു. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകന്‍. ഉമേഷ് രാധാകൃഷ്ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.