കാസർകോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി.കമറുദീന്‍ എം.എല്‍.എയെ കോടതി റിമാൻഡ് ചെയ്‌തു. കമറുദീൻ 15 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവ് കിട്ടിയതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് രോഖപ്പെടുത്തിയത്. കാസര്‍കോട് എസ്.പി. ഓഫിസില്‍വച്ചാണ് അറസ്റ്റ് ചെയ്തത്.
കാസർകോട് എസ്.പി. ഓഫിസില്‍ 5 മണിക്കൂറോളമാണ് അന്വേഷണ സംഘം കമറുദീനെ ചോദ്യം ചെയ്തത്. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 115 എഫ്.ഐ.ആറുകളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ റജിസ്റ്റർ ചെയ്‌തിട്ടുള്ളത്.
അതേസമയം അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാരിന്റെ നീക്കമാണെന്നും എം.സി കമറുദീൻ ആരോപിച്ചു. തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കമറുദീൻ. സര്‍ക്കാര്‍ സ്വന്തം തെറ്റ് മറച്ചുവയ്ക്കാന്‍ തന്നെ ബലിയാടാക്കി. തിങ്കളാഴ്ച കേസ് ഹൈക്കോടതിയില്‍ വരുന്നുണ്ട്. എന്നാല്‍ അതിനുപോലും സര്‍ക്കാര്‍ കാത്തുനിന്നില്ലെന്നും അറസ്റ്റിന് മുമ്പ് നോട്ടീസ് നല്‍കിയില്ലെന്നും കമറുദീൻ ആരോപിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് അറസ്റ്റിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയായിരുന്നു അറസ്റ്റ്.