തിരുവനന്തപുരം: ഉടൻ ഉണ്ടാകുന്ന തദ്ദേശ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ചും മൂന്ന് മുന്നണികളിലും ചർച്ചകൾ കൊഴുക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ കാരണമായ നേമം മണ്ഡലത്തിൽ ഇത്തവണ ആര് വേണമെന്നും മുന്നണികൾ ചർച്ച ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിലും ഇക്കാര്യം പാർട്ടി, മുന്നണി അനുകൂലികൾ കാര്യമായി തന്നെ ചർച്ച നടത്തുന്നുണ്ട്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി മുൻ എം.എൽ.എ ബി. ശിവൻകുട്ടിയെയോ ഐ.പി ബിനുവിനെയോ തിരഞ്ഞെടുക്കുമെന്നാണ് സോഷ്യൽ മീഡിയാ സംവാദങ്ങൾ സൂചിപിക്കുന്നത്.
മുന്നണിയുമായി ബന്ധപ്പെട്ട പല പ്രമുഖരും സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത് ഐ.പി ബിനുവിനെയാണ് എന്നതും ശ്രദ്ധേയമാണ്. അതേസമയം ബി. ശിവൻകുട്ടി നേമത്ത് സ്ഥാനാർത്ഥിയായി എത്താനുള്ള സാദ്ധ്യതയേയും അങ്ങനെ തള്ളിക്കളയാൻ കഴിയില്ല. 2016ൽ ശിവൻകുട്ടിയെയും എൽ.ജെ.ഡിയുടെ(യു.ഡി.എഫ്) വി. സുരേന്ദ്രന്‍ പിള്ളയെയും പരാജയപ്പെടുത്തിക്കൊണ്ടാണ് ഒ. രാജഗോപാൽ നിയമസഭയിലേക്ക് എത്തിയത്.
2011ൽ ഒ.രാജഗോപാലിനെ ശിവൻകുട്ടി പരാജയപ്പെടുത്തിയിരുന്നു. അതേസമയം, രാജ്യസഭാംഗമായ നടന്‍ സുരേഷ് ഗോപിയുടെ പേരാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മണ്ഡലത്തിൽ മുന്നോട്ട് വെക്കുന്നത്. നേതൃത്വത്തിന്റെ മനസിലും അത്തരമൊരു ആലോചയുണ്ടെന്നാണ് സൂചനകൾ.
ഒ. രാജഗോപാൽ ഒന്നുകൂടി നേമത്ത് സ്ഥാനാർത്ഥിയാകാനുള്ള സാദ്ധ്യതയുമില്ല. എൽ.ജെ.ഡിയുടെ സ്ഥാനാർത്ഥി മത്സരിക്കുന്നത് കാരണം യു.ഡി.എഫിന്റെ വോട്ട് കുറയുന്നതായി കാണുന്നതുകൊണ്ട് ഇത്തവണ പ്രമുഖ കോൺഗ്രസ് നേതാവിനെ തന്നെ നേമത്ത് സ്ഥാനാര്ഥിയാക്കാനാണു യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാൽ ആരുടേയും പേരുകൾ ഇതേവരെ പറഞ്ഞുകേട്ടിട്ടില്ല.