
മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ വ്യാഴാഴ്ചയാണ് കാതെറി ഷ്വാണ്ട്റ്റ്, ജെ ഷ്വാണ്ട്റ്റ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നത്. 45 വയസുള്ള ദമ്പതികള്‍ക്ക് ഈ കുട്ടിപിറന്നതിന് പിന്നില്‍ വലിയ കഥ തന്നെ പറയാനുണ്ട്. മാഗ്ഗിയെന്നാണ് കുട്ടിക്ക് ഇട്ട പേര്. മാഗ്ഗിക്ക് സഹോദരന്മാര്‍ ഒന്നും രണ്ടുമല്ല 14 ആണ്, അപ്പോൾ തന്നെ ഈ കാത്തിരിപ്പിന്റെ വലിപ്പം മനസിലായി കാണുമല്ലോ?.
ആദ്യത്തെ കുട്ടി ഉണ്ടായി 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിസിനസ് നടത്തുന്ന ദമ്പതികള്‍ക്ക് പെണ്‍കുട്ടി ജനിക്കുന്നത്. 3.4 കിലോ ഭാരമുള്ള ആരോഗ്യവതിയായ പെണ്‍കുഞ്ഞ്. 14 ജ്യേഷ്ഠന്‍മാരുള്ള ലോകത്തേക്ക് ആണ് ഭാഗ്യവതിയായ ആ കുഞ്ഞ് ജനിച്ചിരിക്കുന്നത്
കൗമാരകാലത്തെ പ്രണയത്തിലായവരാണ് കാതെറിയും ജെയും. ഇവര്‍ 1993ല്‍ വിവാഹം കഴിച്ചു. ഗേഫോള്‍ഡ് ഹൈ സ്‌കൂളില്‍ ഇവര്‍ ഒന്നിച്ചാണ് പഠിച്ചത്. കോളേജില്‍ നിന്നും ഇരുവരും ബിരുദം പൂര്‍ത്തിയാക്കും മുന്‍പ് തന്നെ മൂന്ന് കുട്ടികള്‍ ഈ ദമ്പതികള്‍ക്ക് പിറന്നു. മാഗി തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണെന്നാണ് ഇവര്‍ പറയുന്നത്.
എന്റെ മാതാപിതാക്കള്‍ക്ക് അവസാനം ഒരു പെണ്‍കുഞ്ഞ് പിറന്നു, ഒരു പെണ്‍കുഞ്ഞ് എന്ന ആവരുടെ ആഗ്രഹം അവര്‍ ഒരിക്കലും അടക്കിവച്ചിരുന്നില്ല - മൂത്ത കുട്ടിയായ ടൈലര്‍ പറഞ്ഞു. മാഗിയുടെ ഏറ്റവും മുതിര്‍ന്ന സഹോദരന്‍ ടെയ്‌ലറിന് 28 വയസ്സുണ്ട്. ടെയ്‌ലറിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്.