ഇന്ന് പ്ലേ ഓഫിൽ
ഹൈദരാബാദും
ഡൽഹിയും ഏറ്രുമുട്ടും
ജയിക്കുന്ന ടീം ഫൈനലിൽ
അബുദാബി: ഐ.പി.എല്ലിൽ ഇന്ന് നടക്കുന്ന നിർണായകമായ രണ്ടാം പ്ലേഓഫിൽ സൺറൈസേഴ്സ് ഹൈദരാബാദും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ അബുദാബിയിലാണ് മത്സരം. ആദ്യ പ്ലേ ഓഫിൽ മുംബയ് ഇന്ത്യൻസിനോട് തോറ്റതിനാലാണ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനക്കാരായ ഡൽഹിക്ക് രണ്ടാം പ്ലേ ഓഫ് കളിക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം നടന്ന എലിമനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 6 വിക്കറ്റിന്റെ തകർപ്പൻ ജയം നേടിയാണ് സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം പ്ലേ ഓഫിനിറങ്ങുന്നത്.
പ്രതീക്ഷയോടെ
ടൂർണമെന്റിൽ ആരും പ്രതീക്ഷ കൽപ്പിക്കാതിരുന്ന ടീമായിരുന്ന സൺറൈസേഴ്സ് ഹൈദരാബാദ് അവസാന പാദത്തിൽ തകർപ്പൻ വിസ്മയ പ്രകടനത്തിലൂടെ ഉദിച്ചുയരുകയായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 3 വിജയം മാത്രമായി 7-ാം സ്ഥാനത്തായിരുന്ന സൺറൈസേഴ്സ് പക്ഷേ അവിടെ നിന്ന് തുടർച്ചയായ നാല് ജയങ്ങളുമായി മുഖ്യധാരയിലേക്കുയർന്നു. ഈ വിജയക്കുതിപ്പിൽ ഡൽഹിയേയും കടപുഴക്കാനായിരുന്നു എന്നത് വാർണറുടേയും സംഘത്തിന്റേയും ആത്മവിശ്വാസം കൂട്ടുന്നുണ്ട്. കൂട്ടായ്മയുടെ വിജയമാണ് സൺറൈസേഴ്സിന്റെ കുതിപ്പിന് പിന്നിൽ. ഇത്തവണ ടീം ഗെയിം ഏറ്റവും നന്നായി ഗ്രൗണ്ടിൽ യാഥാത്ഥ്യമാക്കുന്ന ടീം ഹൈദരാബാദാണ്.
എല്ലാ താരങ്ങളു അവരവരുടെ റോളുകൾ ഭംഗിയായി ചെയ്യുന്നുണ്ട്. ഭുവനേശ്വറിനെ പോലൊരു പരിചയ സമ്പന്നനെ പരിക്ക് മൂലം നഷ്ടമായെങ്കിലും അതൊന്നും ബാധിക്കാത്ത തരത്തിലുള്ള പ്രകടനമാണ് റാഷിദ് ഖാനും നടരാജനും സന്ദീപ് ശർമ്മയുമെല്ലാം ഉൾപ്പെടുന്ന ബൗളിംഗ് ഡിപ്പാർട്ട്മെന്റ് നടത്തുന്നത്. കഴിഞ്ഞ ആറ് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് സൺറൈസേഴേസ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് 150ൽ കൂടുതൽ റൺസ് വഴങ്ങിയത്. വൈകിയാണെങ്കിലും അവസരം കിട്ടിയ ജാസൺ ഹോൾഡറുടെ ആൾറൗണ്ട് പ്രകടനം സൺറൈസേഴ്സിന് വലിയ കരുത്താണ്. കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സിനെതിരെ ബാറ്റുകൊണ്ടും ബാളും കൊണ്ടും നിറഞ്ഞാടിയ ഹോൾഡറാണ് ഹൈദരാബാദിന്റെ വിജയത്തിലെ നിർണായക ഘടകമായത്. മദ്ധ്യനിരയിൽ കേൻ വില്യംസണിന്റെ സെൻസിബിൾ ബാറ്റിംഗും പരിചയ സമ്പത്തും ഹൈദരാബാദിന് മുതൽക്കൂട്ടാണ്. 43/2 എന്ന നിലയിൽ ടീം പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ക്രീസിലെത്തി സെൻസിബിളായി ബാറ്റ് വീശി അർദ്ധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന വില്യംസണാണ് ബാംഗ്ലൂരിനെതിരെ ഹൈദരാബാദിനെ വിജയത്തിലേക്ക് നങ്കൂരമിട്ടത്. ബെയർസ്റ്റോയ്ക്ക് പകരമെത്തിയ സാഹ വാർണർക്കൊപ്പം ഓപ്പണിംഗിൽ നന്നായി തിളങ്ങിയെങ്കിലും അദ്ദേഹത്തിന് പരിക്കേറ്റത് തിരിച്ചടിയാണ്. ഇന്ന് സാഹ കളിക്കുമെന്ന് ഉറപ്പില്ല. ഹാംസ്ട്രിംഗ് വഷളായ വിജയ് ശങ്കർ ഇന്നും കളിച്ചേക്കില്ല.
സാധ്യതാ ഇലവൻ: വാർണർ, ഗോസ്വാമി, മനീഷ്, വില്യംസൺ, ഗാർഗ്, ഹോൾഡർ, സമദ്, റാഷിദ്, നദീം, സന്ദീപ്, നടരാജൻ.
തിരിച്ചുവരവിന്
ഈ സീസൺ ഏറ്റവും നന്നായി തുടങ്ങിയ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. ആദ്യം കളിച്ച 9 മത്സരങ്ങളിൽ 7 ഉം ജയിച്ച ഡൽഹി പലപ്പോഴും പോയിന്റ് ടേബിളൽ ഒന്നാമതായിരുന്നു. എന്നാൽ അവസാനപാദത്തിലേക്ക് എത്തിയപ്പോൾ എല്ലാം മാറിമറിഞ്ഞു. തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റ് പ്ലേ ഓഫ് പ്രതീക്ഷ പോലും മങ്ങിയ ടീം അവസാന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ തോൽപ്പിച്ചാണ് അവസാന നാലിൽ ഇടം ഉറപ്പിച്ചത്. എന്നാൽ ജയിച്ചാൽ ഫൈനൽ ഉറപ്പിക്കാമായിരുന്ന ആദ്യ ക്വാളിഫയറിൽ തോറ്റ ഡൽഹിക്ക് കലാശക്കളിക്ക് ടിക്കറ്റ് തേടി രണ്ടാം പ്ലേ ഓഫിൽ ഇറങ്ങേണ്ടി വരികയായിരുന്നു. ഓപ്പണിംഗിൽ തുടങ്ങുന്നു ഇപ്പോൾ ഡൽഹിയുടെ തലവേദന. പ്രിത്ഥ്വിഷായും ശിഖർ ധവാനും ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത ഓപ്പണർമാരെന്ന ലേബലിലാണ് ഇപ്പോഴുള്ളത്. ഇന്ന് ഓപ്പണിംഗിൽ പ്രിഥ്വിക്ക് പകരം അജിങ്ക്യ രഹാനെ വരാനും സാധ്യതയുണ്ട്. മികച്ച ഇംപാക്ട് ഉണ്ടാക്കിയിരുന്ന റബാഡ ബൗളിംഗിൽ നിറംമങ്ങുന്നത് അവർക്ക് വലിയ തിരിച്ചടിയാണ്. പാടേ നിറംമങ്ങിയ ഇടം കൈയൻ പേസർ ഡാനിയേൽ സാംസിന് പകരം ഹർഷൽ പട്ടേൽ ടീമിൽ ഇടം നേടിയേക്കും. അല്ലെങ്കിൽ ബിഗ് ഹിറ്റർ ഹെറ്റ്മേയർക്ക് അവസരം കിട്ടാനും സാധ്യതയുണ്ട്. ക്യാപ്ടൻ ശ്രേയസ് അയ്യർ ഫോമിലേക്ക് ഉയരേണ്ടത് മദ്ധ്യ നിരയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. മാർക്കസ് സ്റ്റോയിനിസിന്റെ ഫോം മാത്രമാണ് ഡൽഹിക്ക് ആശ്വാസത്തിന് വക നൽകുന്നത്. സ്പിൻ ആൾറൗണ്ടർ അക്സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ഡൽഹിക്ക് പ്ലസ് പോയിന്റാണ്. നിർണായക മത്സരത്തിൽ ടീം ആദ്യ ഘട്ടതിലെ ഫോം വീണ്ടെടുക്കുമെന്ന പ്രതീക്ഷയാണ് കോച്ച് റിക്കി പോണ്ടിംഗും സംഘവും പങ്കുവയ്ക്കുന്നത്.
സാധ്യതാ ഇലവൻ: ധവാൻ, രഹാനെ, ശ്രേയസ്, ഹെറ്റ്മേയർ, പന്ത്, സ്റ്റോയിനിസ്, ഹർഷൽ, അക്സർ, റബാഡ്,അശ്വിൻ, നോർട്ട്ജെ.
നോട്ട് ദ പോയിന്റ്
അബുദാബിയിൽ അവസാനം നടന്ന 9 മത്സരങ്ങളിൽ 8ലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.
അവസാനം കളിച്ച 8 ഇന്നിംഗ്സുകളിൽ നിന്ന് പ്രിഥ്വി ഷായ്ക്ക് നേടാനായത് 6.1 ശരാശരിയിൽ 49 റൺസ് മാത്രമാണ്. മൂന്ന് തവണ ഡക്കായി.
ക്യാപിറ്റൽസ് കളിച്ച ഏഴ് പ്ലേഓഫുകളിൽ 6 എണ്ണത്തിലും തോറ്റു. അവരുടെ ഒരേഒരു ജയം സൺറൈസേഴ്സിനെതിരെയാണ്.
ഈ സീസണിൽ ക്യാപിറ്റൽസിനെതിരെ കളിച്ച രണ്ട് മത്സരത്തിലും ഹൈദരാബാദ് ജയിച്ചു. ഒരു ജയം അബുദാബിയിലാണ്.