ബംഗളൂരു: കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കേടിയേരിക്കെതിരെ കൂടുതല്‍ കണ്ടെത്തലുകളുമായി എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ്. ബിനീഷിന്‍റെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡ് അനൂപും ബിനീഷും ഒരുമിച്ച് ഉപയോഗിച്ചതെന്ന് അന്വേഷണ സംഘം രേഖാമൂലം കോടതിയെ അറിയിച്ചു. ഇതിനൊപ്പം ബിനീഷ് ഡയറക്ടറായ മൂന്ന് കമ്പനികൾ പ്രവർത്തിച്ചത് വ്യാജ വിലാസത്തിലാണെന്നും ഈ കമ്പനികളുടെ പേരില്‍ കള്ളപ്പണം വെളുപ്പിച്ചോയെന്ന് സംശയിക്കുന്നതായും ഇ.ഡി കോടതിയിൽ പറഞ്ഞു.
ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും കണ്ടെടുത്ത ഡെബിറ്റ് കാർഡ് ബിനീഷും അനൂപും ചേർന്ന് ഉപയോഗിച്ചതാണ്. അനൂപ് ബംഗളൂരുവില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന്റെ പേരിലാണ് കാർഡ് എടുത്തിട്ടുള്ളത്. ഈ കാർഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങൾ ബാങ്കില്‍ നിന്നും ശേഖരിക്കാനുണ്ടെന്നും ബിനീഷിന്‍റെ വീട്ടില്‍നിന്നും മറ്റ് ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തതായും റിപ്പോർട്ടിൽ പറയുന്നു.
ബിനീഷിന്റെ ഉടമസ്ഥതയിലുള്ള ബീകാപിറ്റല്‍ ഫോറക്സ് ട്രേഡിംഗ്, ബീ കാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സർവീസ്, ടോറസ് റെമഡീസ് എന്നീ കമ്പനികൾ വ്യാജ വിലാസത്തിലാണ് പ്രവർത്തിക്കുന്നതെന്നും ഈ കമ്പനികളുടെ അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളുപ്പിച്ചതായി സംശയിക്കുന്നതായും അന്വേഷണ സംഘം കോടതിയെ അറിയച്ചു. ബിനീഷിന്‍റെ നിർദേശമനുരിച്ചാണ് താന്‍ ലഹരി വ്യാപാരം നടത്തിയതെന്ന് മുഹമ്മദ് അനൂപ് സമ്മതിച്ചതായും ഇ.ഡി പറയുന്നു.
അതേസമയം ഡെബിറ്റ് കാർഡ് ഇ.ഡി ഉദ്യോഗസ്ഥർ കൊണ്ടുവന്നതാണെന്ന് ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ബിനീഷിന് ആശുപത്രിയില്‍ ചികിത്സ നല്‍കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടും ഇഡി ഉദ്യോഗസ്ഥർ അത് അവഗണിച്ചുവെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
തെളിവുകൾ ഹാജരാക്കിയതിന് പിന്നാലെ ബിനീഷിനെ നാല് ദിവസത്തേക്ക് കൂടി ഇ.ഡി കസ്റ്റഡിയിൽ വിട്ടു. ഒമ്പത് ദിവസം തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് ബിനീഷിനെ ഇ.ഡി കോടതിയില്‍ ഹാജരാക്കിയ്‌ത്.ഇതിനൊപ്പം ഇ.ഡി സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വിവരങ്ങളുള്ളത്.