ഉത്തർപ്രദേശിലെ ചിത്രകൂട് ജില്ലയിലെ കൃഷ്ണയ്ക്ക് ബുധനാഴ്ച നടന്ന കർവാ ചൗഥ് ആഘോഷങ്ങൾ അല്പം സ്പെഷ്യലായിരുന്നു. കാരണം, കൃഷ്ണയുടെ ദീർഘായുസിനായി പ്രാർത്ഥിക്കാൻ മൂന്ന് ഭാര്യമാരാണുള്ളത്. മൂവരും ചേർന്ന് ഒരൊറ്റ അരിപ്പയിലൂടെ കൃഷ്ണയെ നോക്കുന്ന ചിത്രം വൈറലാവുകയാണ്. മറ്റൊരു രസകരമായ കാര്യം കൃഷ്ണയുടെ ഭാര്യമാരായ ശോഭ, റീന, പിങ്കി എന്നിവർ ശരിക്കും സഹോദരിമാരാണ് എന്നതാണ്.
12 വർഷങ്ങൾക്ക് മുമ്പ് നടന്ന വിവാഹച്ചടങ്ങിൽ മൂന്ന് പേരും ചേർന്നാണ് കൃഷ്ണയെ വിവാഹം കഴിച്ചത്. മൂന്ന് പേർക്കും രണ്ട് വീതം കുട്ടികളുമുണ്ട് ഇപ്പോൾ. കാൻഷി റാം കോളനിയിലെ വീട്ടിൽ എല്ലാവരും ഒരുമിച്ച് തന്നെയാണ് താമസം. തങ്ങളുടെ അസാധാരണ വിവാഹത്തെ പറ്റി സംസാരിക്കാൻ കൃഷ്ണയും മൂന്ന് ഭാര്യമാരും തയാറല്ല.
എന്നാൽ മൂന്ന് ഭാര്യമാർക്കുമിടെയിൽ യാതൊരു സ്വരച്ചേർച്ചയില്ലായ്മയില്ലെന്നും വ്യത്യാസങ്ങളൊന്നുമില്ലാതെ ഐക്യത്തോടെയാണ് ജീവിക്കുന്നതെന്നും ഒരു ബന്ധു പറയുന്നു. എന്തുകൊണ്ടാണ് ഒരു ചടങ്ങിൽ തന്നെ കൃഷ്ണ സഹോദരിമാരായ മൂന്ന് പേരെയും ഒരുമിച്ച് വിവാഹം കഴിച്ചതെന്ന് അറിയില്ലെന്നും ബന്ധു പറയുന്നു. സഹോദരിമാർ മൂവരും ബിരുദധാരികളാണ്.