byjus-blasters

കൊച്ചി: ലോകത്തെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയായ ബൈജൂസ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം പതിപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌.സിയുടെ ടൈറ്റിൽ സ്‌പോണ്‍സറാകും. ഇന്നലെ ഒദ്യോഗികമായി ഇക്കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് അറിയിച്ചു. ഈ സീസണിൽ താരങ്ങൾ ധരിക്കുന്ന ഔദ്യോഗിക കെ.ബി.എഫ്‌.സി ജേഴ്‌സിയുടെ മുൻവശത്ത് ബൈജൂസ് ലോഗോ മുദ്രണം ചെയ്യും. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റേയും ജേഴ്സി സ്പോൺസറാണ് ബൈജൂസ്. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സിയുടെ ടൈറ്റിൽ സ്‌പോൺസറാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ഐ.എസ്.എല്ലിൽ മാത്രമല്ല, ലോകമെമ്പാടുമായി ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന ഫുട്‌ബാൾ ക്ലബ്ബുകളിലൊന്നുമായി പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ അത്യന്തം സന്തോഷമുണ്ടെന്നും ബൈജൂസ് സ്ഥാപകനും സി.ഇ.ഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ പ്രിയങ്കരനായ എജ്യൂക്കേറ്ററും ലോകത്തിലെ ഏറ്റവും വലിയ എഡ്‌ടെക് കമ്പനിയുമായ ബൈജൂസിനെ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്നും കേരളത്തിൽ വളരെ ആഴത്തിലും വൈകാരികമായും വേരൂന്നിയ ഒരു ബ്രാൻഡായ ബൈജുസുമായി സഹകരിക്കുന്നതിൽ അനുഗ്രഹീതരണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌.സി ഉടമ നിമ്മഗദ്ദ പ്രസാദ് പറഞ്ഞു.