ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധർമേന്ദ്ര പ്രതാപ് സിംഗിന് തന്റെ എട്ടടി രണ്ടിഞ്ച് ഉയരം പോലെ ജീവിതത്തിലെ പ്രതിസന്ധികളും കൂടിവരികയാണ്. 45കാരനായ ധർമേന്ദ്ര ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. കുടുംബമായി ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ ഉയരക്കൂടുതൽ കാരണം പെൺകുട്ടികൾ വിവാഹാലോചന വേണ്ടെന്ന് വയ്ക്കുകയാണെന്ന് ധർമേന്ദ്ര പറയുന്നു.
ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് സ്വദേശിയായ ധർമേന്ദ്ര തന്റെ ഉയരക്കൂടുതൽ കാരണമാണ് ഇന്ത്യയൊട്ടാകെ അറിയപ്പെട്ടത്. സമാജ്‌വാദി പാർട്ടി പ്രവർത്തകനായ ധർമേന്ദ്ര തിരഞ്ഞെടുപ്പ് സമയങ്ങളിൽ പാർട്ടിയ്ക്ക് വേണ്ടി പ്രചാണങ്ങൾക്കിറങ്ങാറുണ്ട്. ബിരുദാനന്തര ബിരുദധാരിയായ ധർമേന്ദ്ര ജീവിക്കാനായി ഡൽഹിയിലും മുംബയിലും മറ്റും എത്താറുണ്ടായിരുന്നു.
തന്നെക്കാണുമ്പോൾ ആളുകൾ സെൽഫിയെടുക്കാൻ വരുമെന്നും ചിലർ പണവും സമ്മാനവും തരുമെന്നും ധർമേന്ദ്ര പറയുന്നു. ഡൽഹിയിലെ കൊണാട്ട് പ്ലേസ്, മുംബയിലെ ഗേറ്റ് വേ ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ എത്തുന്ന സന്ദർശകർക്ക് ധർമേന്ദ്ര കൗതുകമായിരുന്നു. എന്നാൽ കൊവിഡും പിന്നാലെ ലോക്ക്ഡൗണും വന്നതോടെ യാത്രകൾ നിലയ്ക്കുകയും വരുമാനം ലഭിക്കാതെയുമായി.
അസ്ഥിസംബന്ധമായ പ്രശ്നങ്ങൾ കാരണം ധർമേന്ദ്ര കഴിഞ്ഞ വർഷം ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഉയരക്കൂടുതൽ കാരണം കിടക്ക മുതൽ ഓപ്പറേഷൻ തിയേറ്ററിലെ ടേബിൾ വരെ ശസ്ത്രക്രിയ നടത്തിയ അഹമ്മദാബാദിലെ ആശുപത്രി അധികൃതർക്ക് പ്രത്യേകം നിർമിക്കേണ്ടി വന്നിരുന്നു. ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ച ഇംപ്ലാന്റുകൾ വരെ ധമേന്ദ്രയുടെ ശരീരത്തിന്റെ വലിപ്പക്കൂടുതൽ കാരണം ചെന്നൈയിൽ നിന്നും ഓർഡർ ചെയ്ത് വരുത്തിക്കുകയാണ് ചെയ്തത്.
ധർമേന്ദ്രയുടെ സഹോദരനായ രാമേന്ദ്ര മുംബയിൽ ടാക്സി ഡ്രൈവർ ആണ്. രാമേന്ദ്രയും ഇപ്പോൾ നാട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ്. സാദ്ധ്യമെങ്കിൽ തനിക്ക് സാമ്പത്തിക സഹായമോ ജോലിയോ അനുവദിക്കണമെന്നാണ് ധർമേന്ദ്ര യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യർത്ഥിക്കുന്നത്. ' എന്റെ നീളം കാരണം ഓഫീസുകളിലേക്കോ കെട്ടിടങ്ങളിലേക്കോ എനിക്ക് പ്രവേശിക്കാൻ കഴിയില്ല. എന്റെ ശാരീരിക അവസ്ഥയ്ക്ക് യോജിക്കുന്ന ഒരു ജോലി നൽകി സഹായിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ' ധർമേന്ദ്ര പറയുന്നു.