വാഷിംഗ്ടൺ: നാല് വർഷങ്ങൾക്ക് ശേഷമാണ് ഡൊമോക്രാറ്റിക് പാർട്ടിയുടെ പ്രതിനിധി അമേരിക്കൻ ഭരണാധികാരിയായിചുമതലയേൽക്കുന്നത്. ജോ ബൈഡന്റെ കരങ്ങളിൽ ഇനി അമേരിക്ക സുരക്ഷിതയും ശക്തയുമായിരിക്കുമെന്ന് നമുക്ക് ഉറച്ച് വിശ്വസിക്കാം. ബൈഡന് ശക്തി പകരാൻ വൈസ് പ്രസിഡന്റായി ഇന്ത്യക്കാരുടെ അഭിമാനമായ കമല ഹാരിസും ഒപ്പമുണ്ട്.
ബറാക് ഒബാമ പ്രസിഡന്റായിരിക്കെ 2009 മുതൽ 2017 വരെ യു.എസ് വൈസ് പ്രസിഡന്റായിരുന്നു ബൈഡൻ മികച്ച രാഷ്ട്രീയ പ്രവർത്തകനാണെന്ന് പണ്ടേ തെളിയിച്ചതാണ്.
ആദ്യ ഭാര്യയായ നെയ്ലയും കേവലം ഒരു വയസ് മാത്രമുണ്ടായിരുന്ന പൊന്നോമന മകളും കാറപകടത്തിൽ മരിച്ചത് ബൈഡനെ കുറച്ചൊന്നുമല്ല തളർത്തിയത്. ജീവിതം അവസാനിപ്പിക്കാൻ വരെ തയ്യാറെടുത്ത ബൈഡനെ ജിവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് തന്റെ രണ്ട് ആൺമക്കളുടെ മുഖമാണ്.
പക്ഷെ, 2015ൽ തന്റെ 46ാം വയസിൽ ബ്രെയിൻ ട്യൂമർ ബാധിച്ച് മൂത്തമകനായ ബ്യൂ ബൈഡൻ മരിച്ചപ്പോൾ അദ്ദേഹം തളർന്നില്ല. തന്റെ പൊതു ജീവിതം ബ്യൂവിനായി സമർപ്പിക്കുകയായിരുന്നു ബൈഡൻ.
1973 മുതൽ 2009 വരെ ഡെലവെയറിൽനിന്നുള്ള സെനറ്റ് അംഗമായിരുന്നു ബൈഡൻ. നിയമ ബിരുദധാരിയായ ബൈഡൻ അമേരിക്കൻ ചരിത്രത്തിലെ ആറാമത്തെ ഏറ്റവും പ്രായം കുറഞ്ഞ സെനറ്റർ കൂടിയായിരുന്നു. 1972ൽ ഡെലവെയറിൽനിന്ന് ആദ്യമായി സെനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോൾ 28 വയസായിരുന്നു അദ്ദേഹത്തിന്. ജിൽ ട്രേസി ജേക്കബ്സാണു ഭാര്യ.