വാഷിംഗ്ടൺ:ഡെമോക്രാറ്റിക് പാർട്ടിയുടെ ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായും ഇന്ത്യൻ വംശജ കമലാ ഹാരിസ് വൈസ് പ്രസിഡന്റായും ചരിത്രമെഴുതി. അമേരിക്കൻ വൈസ് പ്രസിഡന്റാകുന്ന ആദ്യത്തെ വനിതയും കറുത്ത വർഗ്ഗക്കാരിയുമാണ് കമല ഹാരിസ്. അമേരിക്കയുടെ 46ാമത്തെ പ്രസിഡന്റ് ആണ് ജോ ബൈഡൻ.
പ്രസിഡന്റാവാൻ 270 ഇലക്ടറൽ വോട്ടുകൾ വേണമെന്നിരിക്കെ മുൾമുനയിലായിരുന്നു തിരഞ്ഞെടുപ്പ് ഫലം. സുപ്രധാന സംസ്ഥാനമായ പെൻസിൽവേനിയയും അനുകൂലമായതോടെ ജോ ബൈഡന് 284 ഇലക്ടറൽ വോട്ടുകൾ ലഭിച്ചു. കഴിഞ്ഞ ദിവസം 264 ഇലക്ടറൽ വോട്ടുകളുമായി നിന്ന ബൈഡന് പെൻസിൽവേനിയയിലെ 20 വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് വിജയം ഉറപ്പിച്ചത്.
വോട്ടെടുപ്പിനുശേഷം നാല് ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഇതോടെ അറുതിയായി. നാലുവർഷത്തെ ഭരണകാലത്ത് ഒട്ടേറെ എതിർപ്പുകൾ നേരിടേണ്ടി വന്ന ട്രംപ് ഭരണത്തിനും അറുതിയായി. കാൽ നൂറ്റാണ്ടിനുശേഷമാണ് അമേരിക്കയിൽ അധികാരത്തിലിരിക്കുന്ന പ്രസിഡന്റ് രണ്ടാം ടേമിൽ പുറത്താവുന്നത്. ട്രംപിന് ഇന്നലെ വരെ കിട്ടിയത് 214 ഇലക്ടറൽ വോട്ടുകളാണ്.
കമല ഹാരിസ് വൈസ് പ്രസിഡന്റ്
ആദ്യമായാണ് ഏഷ്യൻ -അമേരിക്കൻ വംശജ അമേരിക്കയുടെ ഭരണതലപ്പത്തെത്തുന്നത്. കാലിഫോർണിയയിലെ സെനറ്ററാണ് കമല . ഈ വിജയത്തോടെ 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയാകാനും സാദ്ധ്യതയുണ്ട്. കമലയുടെ അമ്മ ചെന്നൈ സ്വദേശി ഡോ. ശ്യാമള ഗോപാലൻ. അമേരിക്കയിൽ ഉന്നത പഠനകാലത്ത് പരിചയപ്പെട്ട ജമൈക്കൻ വംശജനും സാമ്പത്തികശാസ്ത്രം പ്രൊഫസറുമായിരുന്ന ഡോണാൾഡ് ഹാരിസിനെ 1963ൽ വിവാഹം ചെയ്തു. അവരുടെ മൂത്ത മകളാണ് കമല. ഇളയ മകൾ മായ ഹിലരി ക്ലിന്റന്റെ ഉപദേശകയാണ്.