മാഞ്ചസ്റ്റർ യുണൈറ്രഡ് 3-1ന് എവർട്ടണിനെ കീഴടക്കി
ബ്രൂണോ ഫെർണാണ്ടസിന് ഇരട്ട ഗോൾ
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-1ന് എവർട്ടണിനെ കീഴടക്കി. രണ്ട് ഗോളുകൾ നേടുകയും എഡിസൺ കവാനിയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്ത ബ്രൂണോ ഫെർണാണ്ടസാണ് യുണൈറ്റഡിന്റെ വിജയ ശില്പി. യുണൈറ്റഡ് ജേഴ്സിയിൽ കവാനിയുടെ ആദ്യ ഗോൾ കൂടിയായിരുന്നു മത്സരത്തിലേത്. ഈ വിജയം പുറത്താക്കൽ ഭീഷണിയിലായിരുന്ന മാഞ്ചസ്റ്റർ കോച്ച് ഒലെ ഗുണ്ണർ സോൾക്ഷെയറിനും ഏറെ ആശ്വാസം പകരുന്നതായി. തുടക്കത്തിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്ന എവർട്ടണിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. പോയിന്റ് ടേബിളിൽ അവരിപ്പോൾ അഞ്ചാം സ്ഥാനത്താണ്. യുണൈറ്റഡ് 13-ാം സ്ഥാനത്തും.
സതാംപ്ടൺ ടോപ്പിൽ
സതാംപ്ടൺ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്രഡിനെ കീഴടക്കി.ചെ ആഡംസും, സ്റ്രുവർട്ട് ആംസ്ട്രോംഗുമാണ് സതാംപ്ടണിന്റെ സ്കോറർമാർ. ജയത്തോടെ സതാംപ്ടൺ പോയിന്റ് ടേബിളിൽ ഒന്നാമതെത്തി. ചരിത്രത്തിൽ ആദ്യമായാണ് സതാംപ്ടൺ പോയിന്റ് ടേബിളിൽ എൻഡ് ഒഫ് ദ ഡേയിൽ ഒന്നാം സ്ഥാനം നിലനിറുത്തുന്നത്.
ക്രിസ്റ്റൽ ക്ലിയർ
മറ്രൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് 4-1ന് ലീഡ്സ് യുണൈറ്രഡിനെ തോൽപ്പിച്ചു. സ്കോട്ട് ഡാൻ, എസ്സെ, കോസ്റ്റ, അയൂ എന്നിവരാണ് ക്രിസ്റ്റലിനായി ഗോൾ നേടിയത്. ബാംഫോർഡ് ലീഡ്സിനായി ഒരു ഗോൾ മടക്കി.