kamala-harris

വാഷിംഗ്‌ടൺ: ചരിത്രം തിരുത്തി എഴുതിയാണ് ഇന്ത്യൻ വംശജയായ ആദ്യ വനിതാ അമേരിക്കൻ വെെസ് പ്രസിഡന്റായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടത്. കാലിഫോണിയയിൽ നിന്നുള്ള ഡെമോക്രറ്റിക് സ്ഥാനാർഥി കമല ഹാരിസിന്റെ വിജയം അമേരിക്കയിലെ വർണ വിവേചനത്തിനെതിരെയുള്ള പോരാട്ടത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്.

"ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനും എനിക്കും അപ്പുറമാണ്. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായുള്ള ഞങ്ങളുടെ പോരാട്ട സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങൾക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം." നിയുക്ത വെെസ് പ്രസിഡന്റ് കമല ഹാരിസ് ട്വീറ്റ് ചെയ്‌തു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 290 ഇലക്‌ടറൽ വോട്ടുനേടിയാണ് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡൻ 46-ാമത്തെ പ്രസിഡന്റ് ആകാൻ പോകുന്നത്. എന്നാൽ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്.

"തിരഞ്ഞെടുപ്പിൽ 100 ദശലക്ഷത്തിലധികം അമേരിക്കക്കാർ വിശ്വാസത്തോടെ ഞങ്ങൾക്ക് വോട്ടുചെയ്തു. അവരുടെ ബാലറ്റുകൾ എണ്ണപ്പെടുമെന്ന് അവർ വിശ്വസിച്ചു. എന്നാൽ ഇപ്പോൾ ട്രംപ് ഈ ബാലറ്റുകൾ അസാധുവാക്കാൻ ശ്രമിക്കുകയാണ്, ഞങ്ങൾക്ക് തിരിച്ചടിക്കേണ്ടതുണ്ട്." ട്രംപിന്റെ ആരോപണങ്ങൾക്കെതിരെ കമല പറഞ്ഞു.

തമിഴ് നാട്ടുകാരിയായിരുന്ന ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായിരുന്ന ഡൊണൾഡ് ഹാരിസിന്റെയും മകളാണ് കമല ഹാരിസ്. 1964 ഒക്ടോബർ 20ന് കലിഫോണിയയിലെ ഒക്ലൻഡിലാണ് കമല ജനിച്ചത്.