കിന്റർഗാഡനിൽ നിന്നും പോകാൻ കൂട്ടാക്കാതെ കരഞ്ഞ് നിലവിളിക്കുന്ന 'ഡൊണാൾഡ് ട്രംപി'ന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. കിന്റർഗാഡനിൽ ചെറിയ കുട്ടികളോടൊപ്പം കളിച്ചുമറിയുന്ന 'ട്രംപിനെ' അംഗരക്ഷകൻ തിരിച്ചുപോകാൻ സമയമായി എന്ന് പറഞ്ഞുകൊണ്ട് അംഗരക്ഷകൻ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതും പോകാൻ കൂട്ടാക്കാതെ അദ്ദേഹം നിലത്തുകിടന്ന് ഉരുളുകയും കുട്ടികളെ പോലെ വാശി പിടിച്ച് കരയുകയും ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തിരികെ പോകാൻ കൂട്ടാക്കാത്ത 'ട്രംപിനെ' അംഗരക്ഷകൻ നിലത്ത് വലിച്ചഴയ്ക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ രസകരവും ചിരിയുണർത്തുന്നതുമായ വീഡിയോയിൽ കാണുന്നത് യഥാർത്ഥ ട്രംപല്ല. 2017ൽ അമേരിക്കൻ പ്രസിഡന്റിന്റെ ചെയ്തികളെ പരിഹസിച്ചുകൊണ്ട് പുറത്തിറങ്ങിയ ഒരു വീഡിയോ ആണ് അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വീണ്ടും വൈറലായത്.
പ്രസിഡന്റ് സ്ഥാനം കൈവിട്ടുപോകുന്നു എന്ന തോന്നൽ കൊണ്ട് ട്രംപ് തിരഞ്ഞെടുപ്പിനിടെ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളോടാണ് സോഷ്യൽ മീഡിയ ഈ വീഡിയോയെ ഉപമിച്ചത്. വോട്ടിംഗിൽ കൃത്രിമം ഉണ്ടെന്നും വോട്ടിംഗ് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് സുപ്രീം കോടതിയുടെ സമീപിച്ചതും വിജയിച്ചതായി സ്വയം പ്രഖ്യാപിച്ചതുമെല്ലാം ഈ വിഡിയോയ്ക്ക് യോജിക്കുന്ന സംഗതികളാണെന്നും അവർ പറയുന്നു.
'ചൂടൻ സൂര്യന്റെ മുന്നിൽ കിടന്നുരുളുന്ന ദുർമേദസുള്ള ഒരു ആമ അതിന്റെ സമയം അവസാനിച്ചതായി മനസിലാക്കുന്നു' എന്നാണ് സി.എൻ.എൻ ചാനലിലെ വിഖ്യാത അവതാരകൻ ആൻഡേഴ്സൺ കൂപ്പർ ഈ വീഡിയോയെ വിശേഷിപ്പിച്ചത്. ഹാസ്യപരിപാടികൾക്ക് പ്രാധാന്യം നൽകുന്ന ചാനലായ 'കോമഡി സെൻട്രൽ' ആണ് ട്രംപിനെ കളിയാക്കികൊണ്ട് ഈ വീഡിയോ പുറത്തിറക്കിയത്.
someone has made this pic.twitter.com/dRy3OoJ4Rf
— Jim Pickard (@PickardJE) November 5, 2020