വാഷിംഗ്‌ടൺ: അമേരിക്കയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് അടുത്ത പ്രസിഡന്റ് ആരാണെന്ന് അറിയാൻ സാദ്ധിച്ചത്.ഏറെ കാത്തിരുന്നു നേടിയ തിരഞ്ഞെടുപ്പ് വിജയിച്ചതിന് പിന്നാലെ ജോ ബെെഡൻ ആദ്യം ചെയ്‌ത് എന്താണെന്ന് അറിയാൻ ഏവർക്കും ആകാംക്ഷയുണ്ടാകും. തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ നിരവധി കാര്യങ്ങൾ നടപ്പാക്കാമെന്ന് വാഗ്‌ദാനം നൽകിയിരുന്ന ബെെഡൻ പക്ഷേ ആദ്യം ചെയ്‌തത് മറ്റൊരു കാര്യമാണ്.
290 ഇലക്‌ടറൽ വോട്ട് നേടി വിജയിച്ചതിന് പിന്നാലെ തന്റെ ട്വിറ്റർ ബയോഗ്രഫി മാറ്റുകയാണ് ബെെഡൻ ആദ്യം ചെയ്‌തത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയെന്ന തന്റെ ട്വിറ്റർ ബയോഗ്രാഫി മാറ്റി തിരഞ്ഞെടുക്കപ്പെട്ട യു.എസ് പ്രസിഡന്റ് എന്നാക്കുകയായിരുന്നു.
"നമ്മുടെ മഹത്തായ രാജ്യത്തെ നയിക്കാൻ നിങ്ങൾ എന്നെ തിരഞ്ഞെടുത്തതിൽ എനിക്ക് അഭിമാനമുണ്ട്. ഞങ്ങൾക്ക് മുന്നിലുള്ള ജോലി കഠിനമായിരിക്കും, പക്ഷേ ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു. ഞാൻ എല്ലാ അമേരിക്കക്കാർക്കും ഒരു പ്രസിഡന്റാകും-നിങ്ങൾ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും.നിങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം ഞാൻ കാത്തു സൂക്ഷിക്കും." വിജയത്തിന് ശേഷം ബെെഡൻ ട്വീറ്റ് ചെയ്‌തു.എല്ലാ അമേരിക്കക്കാർക്കുമായി പുതിയ ഒരു അമേരിക്ക കെട്ടിപ്പെടുക്കാൻ ഒരുങ്ങുകയാണെന്നും ബെെഡൻ പറഞ്ഞു.