covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി കടന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ഇതുവരെ 5,02,40,927 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. 12,55,604 പേർ മരണമടഞ്ഞു.രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അമ്പത്തിയഞ്ച് ലക്ഷം പിന്നിട്ടു.

അമേരിക്കയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതുവരെ 1,01,77,925 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. 2,43,247 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിനാല് ലക്ഷം കടന്നു.

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു.മരണസംഖ്യ 1.26 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 50,356 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 53,920 പേർ രോഗമുക്തരായി. നിലവിൽ 5.16 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ അഞ്ച് ആഴ്ചയായി രോഗബാധിതരുടെ പ്രതിദിന ശരാശരിയിൽ തുടർച്ചയായ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ് രോഗമുക്തരുടെ എണ്ണം 78,19,886 ആയി. രോഗമുക്തി നിരക്ക് 92.41 ശതമാനമായി വർദ്ധിച്ചു.

രോഗികളുടെ എണ്ണത്തിൽ ഇപ്പോഴും ബ്രസീലാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്ത് 56,53,561 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 1,62,286 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.