mc-kamarudhin

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ജുവലറി എം.ഡി. പൂക്കോയ തങ്ങളെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും.പൂക്കോയ തങ്ങളോട് എസ്പി ഓഫീസിൽ ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നുവെങ്കിലും എത്തിയിരുന്നില്ല. ഇതോടെ തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.


16 വർഷം കൊണ്ട് കോടിക്കണക്കിന് രൂപയാണ് ഫാഷൻ ജുവലറിയിലേക്ക് നിക്ഷേപമായി എത്തിയത്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബംഗളൂരുവിൽ ഭൂമി വാങ്ങിക്കൂട്ടിയെന്നും, അതിൽ ഒരുഭാഗം പിന്നീട് മറിച്ചു വിറ്റെന്നും ആക്ഷേപമുണ്ട്. പൂക്കോയ തങ്ങൾ തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കേസിൽ അറസ്റ്റിലായ എംസി കമറുദ്ദീൻ എംഎൽഎ ഇപ്പോൾ പറയുന്നത്.

അതേസമയം, എംസി കമറുദ്ദീൻ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തിൽ ലീഗിന്റെ ഉന്നതാധികാരസമിതി ഇന്ന് കോഴിക്കോട് യോഗം ചേരും. പാണക്കാട് തങ്ങൾ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. ഇതുവരെ കമറുദ്ദീനെതിരെ 117കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. നാളെയാണ് കമറുദ്ദീന്റെ ജാമ്യഹർജി കോടതി പരിഗണിക്കുന്നത്.