kamala

ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് സ്ത്രീകൾക്ക് ആദരവ് അർപ്പിച്ചു. ആദ്യമായിട്ടാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്. ' അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിത ഞാനായിരിക്കാം. എന്നാൽ അവസാനത്തേത് ആകില്ല'-കമല പറഞ്ഞു.അമേരിക്കയിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.


തുല്യതയ്ക്കായുള്ള കറുത്ത വര്‍ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്‍റെ വിജയമാണിതെന്ന് കമല പറഞ്ഞു.'അമേരിക്ക ജനാധിപത്യത്തിന്റെ അന്തസ് കാത്തുസൂക്ഷിച്ചു.മുറിവുണക്കുന്ന, ഐക്യത്തിന്റെ വക്താവാണ് പ്രസിഡന്റ് ജോ ബൈഡൻ. നാലുവർഷം ജനങ്ങൾ നിതീക്കും തുല്യതയ്ക്കും വേണ്ടി പോരാടി'- അവർ പറഞ്ഞു.

'ഈ തിരഞ്ഞെടുപ്പ് ജോ ബൈഡനും എനിക്കും അപ്പുറമാണ്. ഇത് അമേരിക്കയുടെ ആത്മാവിനെക്കുറിച്ചും അതിനായുള്ള ഞങ്ങളുടെ പോരാട്ട സന്നദ്ധതയെക്കുറിച്ചുമാണ്. ഞങ്ങൾക്ക് വളരെയധികം ജോലിയുണ്ട്. നമുക്ക് തുടങ്ങാം.' കമല ട്വീറ്റ് ചെയ്തു.


തമിഴ്നാട്ടുകാരിയായിരുന്ന ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരനായിരുന്ന ഡൊണൾഡ് ഹാരിസിന്റെയും മകളാണ് കമല ഹാരിസ്. 1964 ഒക്ടോബർ 20ന് കലിഫോണിയയിലെ ഒക്ലൻഡിലാണ് കമല ജനിച്ചത്.