" ജയന്റെ മരണത്തെക്കുറിച്ച് എന്തെല്ലാം കഥകൾ ഉണ്ടായി.എന്നെ കൊലപാതകിയാക്കാൻ പോലും ശ്രമിച്ചു.ജയന്റെ മരണം ദുഖമുണർത്തുന്ന ഓർമ്മയാണ്. " നടൻ ബാലൻ.കെ.നായർ കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു. ജയൻ മരിച്ചിട്ട് ഒന്നരപ്പതിറ്റാണ്ടിലേറെ കഴിഞ്ഞ് അന്നാദ്യമായിട്ടാണ് അദ്ദേഹം ആ സംഭവത്തെക്കുറിച്ച് ഒരു മാധ്യമത്തോട് സംസാരിച്ചത്.
തീരെ അവശനായിരുന്നു ബാലൻ.കെ.നായർ.രോഗബാധിതനായി തിരുവനന്തപുരത്തെ ധർമ്മ പഞ്ചകർമ്മ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയുർവേദ ചികിത്സയ്ക്കെത്തിയതായിരുന്നു .നേരിൽക്കാണുമ്പോൾ പഴയ രൂപത്തിന്റെ സാമ്യം പോലുമില്ലായിരുന്നു.കാലഘട്ടങ്ങളെ വിറപ്പിച്ച വില്ലൻകൂടിയായ ആ അതുല്യനടൻ ഇടറിയ സ്വരത്തിലാണെങ്കിലും സംസാരിച്ചത് ഇന്നും മനസിലുണ്ട് .
ആ വാക്കുകളിൽ നിന്ന്. " ചെന്നൈയിലെ ഷോളാവാരത്ത് കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണം.ഹെലിക്കോപ്റ്ററിനടിയിലൂടെ ബൈക്കിൽ നടൻ സുകുമാരനുമൊത്ത് ജയൻ പോകുന്ന രംഗം കൂടി ചിത്രീകരിച്ചാൽ പിന്നെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയാണ്.സുകുമാരൻ ഓടിക്കുന്ന ബൈക്കിനു പിന്നിൽ എഴുന്നേറ്റുനിന്ന ജയൻ കൂടുതൽ മികവിനു വേണ്ടി ഹെലിക്കോപ്റ്ററിൽ കയറിപ്പിടിക്കുകയായിരുന്നു. പക്ഷേ ഇടതു കൈയ്യിൽ മാത്രമെ പിടികിട്ടിയുള്ളു. ഇതോടെ ഹെലിക്കോപ്റ്റർ ഒരുവശംകൊണ്ട് ചരിഞ്ഞു. ഇതിനിടയിൽ കാലുയർത്തി വലതുഭാഗത്തു ചവിട്ടാനായി ജയൻ ആഞ്ഞു. അപ്പോഴേക്കും ഹെലിക്കോപ്റ്റർ മറിയുമെന്ന അവസ്ഥയായി.ഈ സമയം പൈലറ്റ് എന്റെ സീറ്റ് ബെൽറ്റിൽ അമർത്തി പുറത്തേക്ക് ചാടിക്കൊള്ളാൻ പറഞ്ഞു.അയാൾ അപ്പോൾത്തന്നെ ചാടുകയും ചെയ്തു. പൈലറ്റ് ചാടിയപ്പോഴേക്കും ഹെലിക്കോപ്റ്റർ ഉയരങ്ങളിലേക്ക് കുതിച്ചു. ജയൻ താഴേക്കു തലയടിച്ച് വീണു. ഉയരങ്ങളിലെത്തി ഹെലിക്കോപ്റ്റർ പൊട്ടിത്തെറിച്ചപ്പോൾ ഞാൻ സീറ്റോടുകൂടി താഴെവന്നു വീഴുകയായിരുന്നു. അതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. മൂന്ന് കാമറകൾ ഉപയോഗിച്ചാണ് ആ രംഗം ചിത്രീകരിച്ചത്. ഇതേക്കുറിച്ച് അന്വേഷിച്ച ഏവിയേഷൻ അധികൃതർ അതിന്റെ പ്രിന്റിട്ടു കണ്ടപ്പോൾ അന്വേഷണം അവിടെവച്ച് അവസാനിപ്പിക്കുകയായിരുന്നു..ആശുപത്രിയിലെത്തിച്ച ജയൻ മരിച്ചെന്ന വിവരം ദിവസങ്ങൾ കഴിഞ്ഞാണ് എന്നെ അറിയിച്ചത്. "-ബാലൻ.കെ.നായർ അന്ന് പറഞ്ഞു.പ്രമുഖ കഥാകൃത്തായ ജി.ആർ.ഇന്ദുഗോപൻ എഴുതിയ ' നടൻ, ജയൻ വമ്പൻ മടങ്ങിവരവ് ' എന്ന കഥയിൽ കേരളകൗമുദിയിൽ വന്ന ബാലൻ.കെ.നായരുടെ അഭിമുഖം ഉൾപ്പെടുത്തിയിരുന്നു.
'ഇരുട്ട് പത്രാധിപർ 'എന്ന ഇന്ദുഗോപന്റെ കഥാസമാഹാരത്തിൽ ആ കഥയുണ്ട്.
ജയൻ മരിച്ചിട്ട് ഈ മാസം 16 ന് നാൽപ്പത് വർഷമാകുന്നു.നാലു പതിറ്റാണ്ട് പിന്നിട്ടിട്ടും ജയൻ ഇന്നും പ്രേക്ഷകരുടെ മനസിൽ ഒളിമങ്ങാത്ത താരമായി നിലകൊള്ളുകയാണ്.ആറു വർഷം മാത്രമെ ജയൻ സിനിമയിൽ ഉണ്ടായിരുന്നുള്ളു. അതിൽ അവസാനത്തെ രണ്ടുവർഷമാണ് സൂപ്പർസ്റ്റാറായി നിറഞ്ഞു നിന്നത്. എന്നിട്ടും ജയന് ലഭിച്ചതുപോലൊരു വീരാരാധന മലയാളത്തിൽ ഇന്നേവരെ മറ്റൊരു നടനും കിട്ടാത്തതിന്റെ കാരണമെന്തായിരിക്കും? . ജയന്റെ ശരീരപുഷ്ടിയും, സാഹസിക രംഗങ്ങൾ അവതരിപ്പിക്കാനുള്ള ആവേശവും പ്രേക്ഷകരെ ഹരംകൊള്ളിച്ചു. അങ്ങനെയൊരു നടൻ അതുവരെ അവരുടെ സങ്കല്പത്തിൽ മാത്രമെ ഉണ്ടായിരുന്നുള്ളു.
ചെറിയ വേഷങ്ങൾ ചെയ്ത് സിനിമയിൽ വന്ന ജയന്റെ കുതിച്ചുകയറ്റം റോക്കറ്റ് വേഗത്തിലായിരുന്നു. പ്രേംനസീറായിരുന്നു ജയന്റെ പ്രധാന ഉപദേശകൻ.ജയന് അവസരങ്ങൾ കിട്ടാൻ തുടക്കത്തിൽ പലരോടും നസീർ ശുപാർശ ചെയ്തിട്ടുണ്ട്. ജയൻ അഭിനയിച്ച ചിത്രങ്ങളിൽ സഹ കഥാപാത്രം ചെയ്യാൻ വരെ നസീർ തയ്യാറായിട്ടുണ്ട്. നസീറിന്റെ ആ വലിയ മനസ് ജയൻ തിരിച്ചറിഞ്ഞിരുന്നു. തിരക്കേറിയ താരമായപ്പോഴും പ്രേംനസീറിനോടുള്ള സ്നേഹ ബഹുമാനങ്ങൾ ജയൻ കാത്തു സൂക്ഷിച്ചു. പ്രേംനസീർ,മധു,സോമൻ,സുകുമാരൻ, വിൻസന്റ്,രവികുമാർ എന്നിവർ തിളങ്ങി നിന്ന കാലത്താണ് ജയൻ ശരവേഗത്തിൽ താരപദവി നേടിയെടുത്തത്.
പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെല്ലാം ജയന് മികച്ച കഥാപാത്രങ്ങൾ ലഭിച്ചു.ശരപഞ്ജരത്തിലെ ആന്റി ഹീറോയിൽ തുടങ്ങി അങ്ങാടിയിലെ തൊഴിലാളി നേതാവ് വരെ അനവധി കഥാപാത്രങ്ങൾ. ജയന്റെ അന്നത്തെ താരമൂല്യം പറഞ്ഞറിയിക്കാൻ കഴിയുമായിരുന്നില്ല. ഡേറ്റിനു വേണ്ടി നിർമ്മാതാക്കൾ കാത്തുനിന്നിരുന്നു.ജയനുവേണ്ടി തയ്യാറാക്കിയ കഥാപാത്രങ്ങൾ മരണശേഷം മമ്മൂട്ടിയും രതീഷുമൊക്കെ അവതരിപ്പിച്ചു. പി.ജി.വിശ്വംഭരന്റെ സ്ഫോടനത്തിൽ മമ്മൂട്ടി അവതരിപ്പിച്ചതും ഐ.വി.ശശിയുടെ തുഷാരത്തിൽ രതീഷ് അവതരിപ്പിച്ചതും ജയനുവേണ്ടി സൃഷ്ടിച്ച കഥാപാത്രങ്ങളായിരുന്നു.
നാട്ടുകാരനായിട്ടും ജയനെ ഒരിക്കൽപ്പോലും നേരിൽക്കാണാൻ ഇതെഴുതുന്നയാളിന് അവസരം കിട്ടിയില്ല.1980 നവംബർ 16 രാത്രി . കൊല്ലം ആരാധനാ തിയറ്ററിൽ ജയൻ നായകനായി അഭിനയിച്ച ദീപം എന്ന ചിത്രം പ്രദർശിപ്പിക്കുന്നു. കുതിരപ്പുറത്ത് പോളോ കളിക്കാരനായി ജയൻ തിയറ്ററിൽ നിറയുമ്പോൾ ഒരു സ്ളൈഡിൽ എഴുതിക്കാണിച്ചു .' നടൻ ജയൻ ഹെലിക്കോപ്റ്റർ അപകടത്തിൽ മരണമടഞ്ഞു.'പ്രേക്ഷകർ നിലവിളിച്ചുകൊണ്ട് തിയറ്റർ വിട്ടിറങ്ങി. 40 വർഷം കടന്നുപോകുന്നു. ഇന്നും ജയന്റെ ഓർമ്മകൾക്ക് മരണമില്ല. തലമുറകളുടെ താരമായിട്ടും ജയന് ഉചിതമായൊരു സ്മാരകം സർക്കാർ തലത്തിൽ ഇനിയും ഉയർന്നിട്ടില്ല.