ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റാകാനുളള ഓട്ടത്തിൽ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി വൈറ്റ് ഹൗസിലേക്ക് എത്തുകയാണ് ജോ ബൈഡൻ. അരനൂറ്റാണ്ടോളം കാലം അമേരിക്കയുടെ രാഷ്ട്രീയ ഭൂപടത്തിൽ നിറഞ്ഞുനിന്ന വ്യക്തിയാണ് ബൈഡൻ. 1972ലാണ് ആദ്യമായി സെനറ്റിലേക്ക് ബൈഡൻ തിരഞ്ഞെടുക്കപ്പെടുന്നത്. അതിനുശേഷം ആറ് തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 36 വർഷമാണ് യു എസ് സെനറ്റിൽ അദ്ദേഹം അംഗമായിരുന്നത്. പൊതു ജീവിതത്തിൽ തിളങ്ങിയ ബൈഡന്റെ വ്യക്തി ജീവിതത്തെപ്പറ്റിയും അദ്ദേഹത്തിന്റെ താത്‌പര്യങ്ങളെപ്പറ്റിയും ഭൂരിപക്ഷം പേർക്കും അറിയില്ല. ഇപ്പോൾ ജോ ബൈഡനെപ്പറ്റി അറിയേണ്ട 11 കാര്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹം തന്നെ പങ്കിട്ടിരിക്കുകയാണ്.
സ്‌കൂൾ പഠന കാലത്ത് നല്ലൊരു ഫുട്‌ബോൾ കളിക്കാരനായിരുന്നു ജോ ബൈഡൻ.
രണ്ട് ജർമ്മൻ ഷേപ്പേർഡ് നായകൾ ബൈഡന് സ്വന്തമായുണ്ട്. ചാംപ്, മേജർ എന്നിങ്ങനെയാണ് ഇവയുടെ പേരുകൾ
ഒരു വലിയ കാർ പ്രേമിയായ ബൈഡൻ 1967ൽ പിതാവ് സമ്മാനിച്ച കോർവെറ്റ് സ്റ്റിംഗ്രെ കാറുകൾ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുന്നു.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിയമം എഴുതി തയ്യാറാക്കിയ വ്യക്തി.
1972 ഡിസംബറിൽ ബൈഡന്റെ ഭാര്യ നിലിലിയയും അവരുടെ ഒരു വയസുളള മകൾ അമിയും റോഡപകടത്തിൽ കൊല്ലപ്പെട്ടു. മക്കളായ ബ്യൂ, ഹണ്ടർ എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.
വാഹനാപകടത്തിൽ ഭാര്യയുടേയും മകളുടേയും മരണത്തിന് ശേഷം മകന്റെ ആശുപത്രി കിടക്കയുടെ അരികിൽ നിന്നാണ് ജോ ബൈഡൻ സെനറ്റിലേക്ക് സത്യപ്രതിജ്ഞ ചെയ്‌തത്.
സംസാരിക്കാൻ വിക്ക് പലപ്പോഴും വിലങ്ങുതടിയായതിനാൽ അത് മറികടക്കാൻ പ്രശസ്‌തരായ കവികളുടെ കവിതകൾ മനപ്പാഠമാക്കി പ്രസംഗ വേദികളിൽ ബൈഡൻ അത് ചൊല്ലുമായിരുന്നു.
29ആം വയസിൽ അമേരിക്കയുടെ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം
അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ കത്തോലിക്കനായ പ്രസിഡന്റാണ് ബൈഡൻ. ജോൺ എഫ് കെന്നഡിയായിരുന്നു ആദ്യത്തെ കത്തോലിക്കനായ അമേരിക്കൻ പ്രസിഡന്റ്.
വൈറ്റ് ഹൗസിൽ എട്ടു വർഷകാലം ഒബാമയും ജോബൈഡനും അവരുടെ ജോലികളിൽ തിരക്കിലായിരുന്നു. എന്നിരുന്നാലും ഉച്ചഭക്ഷണ സമയം ഒരുമിച്ച് ചെലവഴിക്കാൻ ഇരുവരും ശ്രദ്ധിച്ചിരുന്നു.
ഐസ്ക്രീം വളരെയധികം ഇഷ്‌ടപ്പെടുന്ന ജോ ബൈഡന്റെ ഇഷ്‌ടപ്പെട്ട ഫ്ളേവർ ചോക്ലേറ്റാണ്