തിരുവനന്തപുരം: കേന്ദ്രഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന ഭരണം അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് സി ബി ഐയുടെ നാൽപ്പതംഗ സംഘത്തെ കൊൽക്കത്തയിൽ മമതയുടെ പൊലീസ് തടഞ്ഞുവച്ച് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ നേരിടാൻ കേന്ദ്രം സി ആർ പിഎഫിനെ ഇറക്കിയതോടെ ഗുരുതര പ്രതിസന്ധിയുണ്ടായി. തിരുവനന്തപുരത്തെ ഇ ഡി റെയ്ഡിനിടെ പൊലീസിനെയും ബാലാവകാശ കമ്മിഷനെയും രംഗത്തിറക്കിയതും പൊലീസ് ഇ ഡി ഉദ്യോഗസ്ഥരെ തടഞ്ഞിട്ടതും ചർച്ചയാവുയാണ്.
തൃണമൂൽ നേതാക്കൾ പ്രതികളായ ശാരദാ, റോസ് വാലി ചിട്ടിതട്ടിപ്പുകേസുകൾ അന്വേഷിക്കാനെത്തിയ സി ബി ഐ സംഘത്തെ, ബംഗാൾ പൊലീസിനെ ഇറക്കി തടഞ്ഞതിനു സമാനമാണ് ഇപ്പോൾ കേരളത്തിലെ സംഭവങ്ങളും. ബംഗളുരു മയക്കുമരുന്ന് കേസിലെ കളളപ്പണ- ബിനാമി ഇടപാടുകൾക്ക് തെളിവുതേടി ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിനെത്തിയഎൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണ സംഘത്തെ പൊലീസ് തടഞ്ഞതാണ് വിവാദമായിരിക്കുന്നത്.
എവിടെയും റെയ്ഡ് നടത്താനും കള്ളപ്പണവും രേഖകളും പിടിക്കാനും ഇ.ഡിക്ക് വിപുലമായ അധികാരമുണ്ടായിരിക്കെയാണ്, കേന്ദ്രനിയമപ്രകാരം ഇഡിയെ സഹായിക്കാൻ ചുമതലയുള്ള പൊലീസിനെ ഇറക്കി ഇ.ഡി ഉദ്യോഗസ്ഥരെ തടഞ്ഞത്. ചിട്ടിതട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ ചോദ്യംചെയ്യാനെത്തിയ നാൽപ്പതോളം സി.ബി.ഐ ഉദ്യോഗസ്ഥരെയാണ് മമത കഴിഞ്ഞവർഷം ഫെബ്രുവരിയിൽ തടഞ്ഞുവച്ചത്. കമ്മിഷണറുടെ പാർക്ക് സ്ട്രീറ്റിലെ ഔദ്യോഗിക വസതിക്കു മുന്നിൽ കാവൽ നിന്ന ബംഗാൾ പൊലീസ് സി.ബി.ഐയെ തടഞ്ഞു. കമ്മിഷണറെ കാണണമെന്ന് അറിയിച്ചപ്പോൾ, സി.ബി.ഐ. ഉദ്യോഗസ്ഥരെ ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റി ആദ്യം പാർക്ക് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് ഷേക്സ്പിയർ സരണി പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. കമ്മിഷണറെ ചോദ്യം ചെയ്യണമെന്ന നോട്ടീസുമായി പാർക്ക് സ്ട്രീറ്റ് സ്റ്റേഷനിലെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫോണുകൾ പിടിച്ചെടുത്തു.
സിബിഐ കിഴക്കൻ മേഖലാ ജോയിന്റ് ഡയറക്ടർ പങ്കജ് ശ്രീവാസ്തവയുടെ ഓഫിസ് ഉൾപ്പെടുന്ന പ്രദേശമാകെ കൊൽക്കത്ത പൊലീസ് വളഞ്ഞു. ജോയിന്റ് ഡയറക്ടറെയും ഉദ്യോഗസ്ഥരെയും അറസ്റ്ര് ചെയ്യുമെന്ന് അഭ്യൂഹം പരന്നതോടെ കേന്ദ്രം ഉണർന്നു. ഓഫീസ് കെട്ടിടത്തിൽ കേന്ദ്ര സർക്കാർ സി.ആർ.പി.എഫിനെ (കേന്ദ്രറിസർവ് പൊലീസ് സേന) വിന്യസിച്ചതോടെ കേന്ദ്ര,സംസ്ഥാന ഏറ്റുമുട്ടൽ അത്യപൂർവമായ ഭരണഘടനാ പ്രതിസന്ധിയിലേക്കു നീങ്ങി. പ്രോട്ടോക്കോൾ നോക്കാതെ മുഖ്യമന്ത്രി മമത ബാനർജി പൊലീസ് കമ്മിഷണറുടെ വസതിയിലേക്കു പാഞ്ഞെത്തി. സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നെന്നാരോപിച്ച് രാത്രിയിൽ മധ്യ കൊൽക്കത്തയിൽ ധർണയിരുന്നു.
കേരളത്തിൽ മുൻകൂർ അനുമതിയില്ലാതെ സിബിഐയ്ക്ക് കേസെടുക്കാനാവില്ലെന്നതു പോലെയാണ് ബംഗാളിലും. ബംഗാളിൽ സിബിഐക്കുള്ള പ്രവർത്തനാനുമതി 2018 നവംബർ 16ന് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സി.ബി.ഐക്ക് ഒരു സംസ്ഥാനത്ത് അന്വേഷണം നടത്തണമെങ്കിൽ അവിടത്തെ സർക്കാരിന്റെ അനുമതി ആവശ്യമാണ്. എന്നാൽ ചിട്ടിതട്ടിപ്പുകേസുകളിൽ സുപ്രീംകോടതി ഉത്തരവു പ്രകാരമുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് സിബിഐ തിരിച്ചടിച്ചു. മമതയുടെ ഷോ കൊണ്ട് കാര്യമായ ഫലമൊന്നുമുണ്ടായില്ല. ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകൾ അന്വേഷിച്ച പ്രത്യേകസംഘത്തിന്റെ തലവനായിരുന്നു കമ്മിഷണർ രാജീവ് കുമാർ പിന്നീട് സി ബി ഐ ഓഫീസിലെത്തി ചോദ്യംചെയ്യലിന് വിധേയനായി.
തിരുവനന്തപുരത്തെ ഇ.ഡി അന്വേഷണം തടയാൻ സർക്കാരിനും പാർട്ടിക്കും മുന്നിൽ വഴികളില്ലായിരുന്നു. 26മണിക്കൂറായി ബിനീഷിന്റെ രണ്ടരവയസുള്ള മകളെ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണമുയർത്തിയായിരുന്നു പ്രക്ഷോഭം. പിഞ്ചുകുഞ്ഞുങ്ങളെ പിച്ചിചീന്തിയിട്ടും അനക്കമില്ലാതിരുന്ന ബാലാവകാശ കമ്മിഷൻ മരുതംകുഴിയിലെ കോടിയേരി വീട്ടിലേക്ക് പാഞ്ഞെത്തി. ജുഡീഷ്യൽ അധികാരമുണ്ടെന്ന് പറഞ്ഞ് ഇ.ഡിയെ വിരട്ടാൻ നോക്കിയെങ്കിലും അവർ കുലുങ്ങിയില്ല. പിന്നാലെ പൊലീസിനെ ഇറക്കി തടഞ്ഞിട്ടു. മൊഴിയെടുത്തിട്ട് പോയാൽ മതിയെന്ന് ഉന്നത റാങ്കുള്ള ഇ.ഡി ഉദ്യോഗസ്ഥരോട് പൂജപ്പുര സി.ഐ ആക്രോശിച്ചു. കാര്യത്തിന്റെ ഗൗരവമറിയാതെ പൂജപ്പുര എസ്.ഐയും സംഘവും ഇ.ഡിയുടെ കാർ തടഞ്ഞിട്ടു. ഇ.ഡിക്ക് സുരക്ഷയൊരുക്കുന്ന സി.ആർ.പി.എഫും പൊലീസുമായി ഏറ്റുമുട്ടലുണ്ടാകുമെന്ന ഘട്ടം വരെയായി. ഒടുവിൽ ഉന്നതഉദ്യോഗസ്ഥർ ഇടപെടുമെന്ന് ഇ.ഡി അറിയിച്ചതോടെ പൊലീസ് വഴിമാറുകയായിരുന്നു.
2002ലെ പ്രിവൻഷൻ ഒഫ് മണി ലോണ്ടറിംഗ് ആക്ടിലെ സെക്ഷൻ 54 പ്രകാരം പൊലീസുദ്യോഗസ്ഥരും കേന്ദ്ര, സംസ്ഥാന ഉദ്യോഗസ്ഥരുമെല്ലാം ഇ.ഡിയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളിലെ അന്വേഷണത്തെ സഹായിക്കണമെന്ന് ചട്ടമുണ്ട്. സംസ്ഥാന സർക്കാരിന്റെ രജിസ്ട്രാർ, സബ് രജിസ്ട്രാർമാരുമെല്ലാം ഇ.ഡിയെ സഹായിക്കണമെന്നാണ് ചട്ടം. അന്വേഷണത്തിൽ ഇ.ഡിയെ സഹായിക്കേണ്ട പൊലീസ് അവരെ തടഞ്ഞിട്ടതാണ് അപൂർവ നടപടിയായത്.
തടഞ്ഞാൽ വിവരമറിയും
കള്ളപ്പണം, ബിനാമി, ഹവാലാ ഇടപാടുകൾ കണ്ടെത്താൻ ഇ.ഡിക്ക് വൻ അധികാരമാണുള്ളത്. ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ), പ്രിവൻഷൻ ഒഫ് മണി ലോൺഡറിംഗ് ആക്ട് (പി.എം.എൽ.എ.) എന്നിവ പ്രകാരമാണ് ഇ.ഡിയുടെ അന്വേഷണം. ഏതുസമയത്തും രാജ്യത്തെവിടെയും റെയ്ഡ് നടത്താൻ ഇ.ഡിക്ക് അധികാരമുണ്ട്. പി.എം.എൽ.എ. സെക്ഷൻ എട്ട് പ്രകാരം സ്വത്ത് കണ്ടുകെട്ടാം. സെക്ഷൻ 17പ്രകാരം സ്വത്തുക്കൾ പിടിച്ചെടുക്കാനും സെക്ഷൻ 19പ്രകാരം അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. പി.എം.എൽ.എ.യുടെ സെക്ഷൻ 50 പ്രകാരം ഇ.ഡിനോട്ടീസ് നൽകിയാൽ മൊഴി നൽകാനായി ഹാജരായേ പറ്റൂ. ഇല്ലെങ്കിൽ അറസ്റ്റ് ചെയ്യാം.
സെർച്ച് വാറണ്ടുമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ പൊലീസിനെയും ബാലാവകാശ കമ്മിഷനെയും മുന്നിൽനിറുത്തി നടത്തിയ നീക്കവും പ്രതിഷേധവും ബംഗളുരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് കുരുക്കാവാനാണ് സാദ്ധ്യത. റെയ്ഡ് പൂർത്തിയാക്കാൻ ബിനീഷിന്റെ ഭാര്യയും ബന്ധുക്കളും അനുവദിച്ചില്ലെന്ന് ബംഗളുരു സിറ്റി സെഷൻസ് കോടതിയെ അറിയിക്കുമെന്ന് ഇ.ഡി വ്യക്തമാക്കി. ജുഡീഷ്യൽ അധികാരങ്ങളുള്ള കമ്മിഷനെയും പൊലീസിനെയും രംഗത്തിറക്കാൻ ബിനീഷിന്റെ ബന്ധുക്കൾക്ക് കഴിഞ്ഞു. ഉന്നതസ്വാധീനമുള്ള ബിനീഷിന് ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാനിടയുണ്ടെന്ന് ഇ.ഡി നിലപാടെടുക്കും.