തിരുവനന്തപുരം: സ്വർണക്കടത്ത്, ബിനീഷ് കോടിയേരി വിവാദങ്ങളുയർത്തി സർക്കാരിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടെ, മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ ജുവലറി തട്ടിപ്പ് കേസിൽ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ നിർണായകഘട്ടത്തിൽ യു.ഡി.എഫിനെയും മുസ്ലിംലീഗിനെയും രാഷ്ട്രീയ സമ്മർദ്ദത്തിലാക്കുന്ന സർക്കാർ നീക്കമായി. കമറുദ്ദീന്റെ അറസ്റ്റ് മുൻനിറുത്തി ശക്തമായ പ്രചാരണത്തിനാണ് ഇടതുനീക്കം. ഒപ്പം സോളാർ, ബാർകോഴ കേസുകളും സജീവമാക്കി യു ഡി എഫിനെ പ്രതിരോധത്തിലാക്കാനുളള നീക്കങ്ങളും ആരംഭിച്ചു.
തുടർഭരണം പ്രതീക്ഷിച്ച് ജനപ്രിയ പദ്ധതികളുമായി ഇടതുസർക്കാർ മുന്നേറവെ ഉണ്ടായ സ്വർണക്കടത്ത് വിവാദം ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കി. ഇത് സൃഷ്‌ടിച്ച പ്രതിച്ഛായാനഷ്ടം മറികടക്കാൻ നൂറുദിന കർമ്മപദ്ധതികൾ പ്രഖ്യാപിച്ചും വികസനപദ്ധതികൾ പൂർത്തീകരിച്ചും സർക്കാർ നീങ്ങുമ്പോൾ കേന്ദ്രസർക്കാരിനെ ഉപയോഗിച്ച് ബി ജെ പിയും രാഷ്ട്രീയസമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനെ സംശയനിഴലിലാക്കും വിധം കേന്ദ്ര ഏജൻസികളുടെ അന്വേഷണം ശക്തമായതോടെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഇടതുമുന്നണി പാടുപെടുകയാണ്. നിർണായക തെരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ യു ഡി എഫും സർക്കാരിനെതിരായ രാഷ്ട്രീയാക്രമണം ശക്തമാക്കിയപ്പോൾ കമറുദീന്റെ അറസ്റ്റിലൂടെ മറുതന്ത്രം പ്രയോഗിക്കുകയാണ് സർക്കാർ.
മഞ്ചേശ്വരം എം എൽ എയ്ക്കെതിരായ കേസിനെ നീതീകരിക്കാൻ യു ഡി എഫ്, ലീഗ് നേതൃത്വങ്ങൾക്ക് പോലും കഴിയാത്ത നിസഹായാവസ്ഥ സി പി എം തിരിച്ചറിയുന്നു. എങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ നടന്ന അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ദുരുദ്ദേശ്യം യു.ഡി.എഫ് ആരോപിക്കുന്നു.
സോളാർ കേസിൽ പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച്, മുൻമന്ത്രി എ.പി. അനിൽകുമാറിനെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ അതിൽ കേസുണ്ടാകാം.
ബാർ കോഴക്കേസിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്കും വി.എസ്. ശിവകുമാറിനും കെ. ബാബുവിനുമെതിരായ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിലും അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വിജിലൻസ്.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കുറ്റപത്രം സമർപ്പിക്കൽ അവസാനഘട്ടത്തിലാണ്. സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട് പി.ടി. തോമസിനെതിരെയും വിജിലൻസ് പ്രാഥമികാന്വേഷണം നടത്തുന്നു. വരും നാളുകളിൽ രാഷ്ട്രീയ കോളിളക്കമുണ്ടാക്കുന്ന സംഭവങ്ങൾക്ക് കേരളം സാക്ഷിയാകുമെന്ന സൂചനകളാണിവ.