demonitisation

ന്യൂഡൽഹി: രാജ്യത്ത് അഞ്ഞൂറ്, ആയിരം രൂപകളുടെ നോട്ടുകൾ നിരോധിച്ച് ഇന്നേക്ക് നാല് വർഷം തികയുന്നു. കള്ളപ്പണം തടയാനായിട്ടാണ് ഒന്നാം മോദി സർക്കാർ 2016 ൽ അപ്രതീക്ഷിതമായി നോട്ടുകൾ അസാധുവാക്കിയത്. പകരം രണ്ടായിരത്തിന്റെ നോട്ടുകൾ പുറത്തിറക്കുകയും ചെയ്തു.

അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവയ്ക്ക് വൻതോതിൽ കള്ളപ്പണവും കള്ളനോട്ടും ഉപയോഗിക്കുന്നുണ്ട്. ഇതിന് കൂടുതലും 500, 1000 രൂപയുടെ നോട്ടുകളാണ്‌ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിലാണ് 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കിയത്. ഡിജിറ്റലൈറ്റെസേഷൻ വഴി കറൻസി ഉപയോഗം കുറയ്ക്കുകയായിരുന്നു മോദി സർക്കാരിൻറെ മറ്റൊരു ലക്ഷ്യം

നോട്ടുനിരോധനം എന്ന് കേൾക്കുമ്പോൾ തന്നെ രാജ്യത്തെ ജനങ്ങളുടെ മനസിൽ ഒരുപക്ഷേ ആദ്യം ഓടിയെത്തുക എടിഎമ്മുകൾക്ക് മുമ്പിലുള്ള നീണ്ട ക്യൂവായിരിക്കും. ആളുകൾ കൂട്ടത്തോടെയെത്തി പണം പിൻവലിക്കാൻ തുടങ്ങിയതോടെ പല എടിഎമ്മുകളും കാലിയായി. പണത്തിനായി ജനങ്ങൾ ദൂരെയുള്ള എടിഎമ്മുകളിലേക്ക് പോകേണ്ടിയും വന്നു.കള്ളപ്പണക്കാരേക്കാൾ കൂടുതൽ മോദി സർക്കാരിന്റെ നോട്ട് നിരോധനം ദുരിതത്തിലാഴ്ത്തിയത് സാധാരണക്കാരെയാണെന്ന് വിമർശനവും ഉയർന്നിരുന്നു. കാര്യങ്ങൾ സാധാരണ നിലയിലാകാൻ സമയമെടുത്തു.

ഇന്നേക്ക് നോട്ട് നിരോധനത്തിന് നാല് വർഷം തികയുകയാണ്. ഇപ്പോഴും സർക്കാരിന്റെ നടപടിയെക്കുറിച്ച് ജനങ്ങളിൽ ഭിന്നാഭിപ്രായമാണ്. ചിലർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിപ്ലവകരമായ നടപടിയെ അഭിനന്ദിക്കുന്നു. മറ്റുചിലരാകട്ടെ നോട്ട് നിരോധനം ഇന്ത്യയേയും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയേയും മോശമായി ബാധിച്ചുവെന്ന് ആരോപിക്കുന്നു.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി കള്ളപ്പണം തടയാൻ സർക്കാർ സ്വീകരിച്ച ഏറ്റവും ശക്തമായ നടപടിയെന്നാണ് നോട്ടുനിരോധനത്തെ മോദി അനുകൂലികൾ വാഴ്ത്തുന്നത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു.

അതേസമയം, ഏകദേശം മൂന്നുലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറൻസി നോട്ടുകൾ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും, അവ ബാങ്കുകളിലേക്ക് തിരിച്ചുവരാൻ സാദ്ധ്യതയില്ലെന്നുമായിരുന്നു സർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ, അസാധുവാക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയിൽ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. ഇത് കാണിക്കുന്നത് ഈ നടപടി കള്ളപ്പണം ഇല്ലാതാക്കുന്നതിൽ പൂർണമായും പരാജയപ്പെട്ടുവെന്നാണെന്ന് മറ്റൊരു വിഭാഗം ആരോപിച്ചിരുന്നു.