നടൻ സുരേഷ് ഗോപി എംപിയ്ക്ക് പാലാ കുരിശുപള്ളി മാതാവിനോടുള്ള ആരാധന തുടങ്ങിയിട്ട് കാൽനൂറ്റാണ്ടായി. ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് 'ലേലത്തിന്റെ' ചിത്രീകരണ സമയത്താണ് അദ്ദേഹം ആദ്യമായി കുരിശുപള്ളി മാതാവിനടുത്തെത്തിയത്. അതിനു ശേഷം പാലായിൽ വരുമ്പോഴൊക്കെ മാതാവിന്റെ അടുത്തെത്തി പ്രാർഥിച്ച്, മെഴുകുതിരി കത്തിച്ചിട്ടേ മടങ്ങാറുള്ളൂ.
തന്റെ പുതിയ ചിത്രമായ 'കാവലിന്റെ' ചിത്രീകരണം പൂർത്തിയാക്കി തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലാണ് അദ്ദേഹം പാലായിലെത്തിയത്.സുരേഷ് ഗോപിയുടെ അടുത്ത ചിത്രമായ 'ഒറ്റക്കൊമ്പൻ' പാലായിലും, പരിസരങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്. അടുത്ത മാസം സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും.
കുരിശുപള്ളിയിലെ പ്രാർഥനയ്ക്കു ശേഷം പാലാ കിഴതടിയൂർ പള്ളിയിലും എത്തി പ്രാർഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഒറ്റക്കൊമ്പൻ സിനിമയുടെ സംവിധായകൻ മാത്യൂസ് തോമസ്, സുരേഷ് ഗോപിയുടെ കുടുംബ സുഹൃത്തും പൊതു പ്രവർത്തകനുമായ ബിജു പുളിക്കകണ്ടം എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.