movie

ലോക സിനിമയിൽ അംഗീകാരങ്ങൾ സ്വന്തമാക്കി മലയാളി സംവിധായകൻ വിനോദ് സാം പീറ്റർ. കുട്ടികളുടെ വൈകാരിക ഭാവങ്ങളെ ആസ്പദമാക്കി ഒരുക്കിയ മറാത്തി ചിത്രം 'പഗ് ല്യാ' യുടെ സംവിധായകൻ വിനോദ് സാം പീറ്റർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം ചലച്ചിത്ര പുരസ്‌ക്കാരങ്ങളാണ് സ്വന്തമാക്കിയത്.

വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, നടി ,പശ്ചാത്തല സംഗീതം എന്നീ വിഭാഗങ്ങളിലായിട്ടുള്ള പുരസ്‌കാരങ്ങളാണ് ചിത്രത്തിന് കിട്ടിയത്. രണ്ടായിരത്തോളം ചിത്രങ്ങളിൽ നിന്നാണ് 'പഗ് ല്യാ' ഒന്നാം സ്ഥാനത്ത് എത്തിയത്. വേൾഡ് പ്രീമിയർ ഫിലിം അവാർഡിൽ അംഗീകാരം കിട്ടുന്ന ആദ്യ ഇന്ത്യൻ ഭാഷാചിത്രം എന്ന പ്രത്യേകതയും മറാത്തി ഭാഷയിൽ ഒരുക്കിയ പഗ് ല്യായ്ക്കുണ്ട്.

ലണ്ടൻ,കാലിഫോർണിയ, ഇറ്റലി , ഓസ്‌ട്രേലിയ, സ്വീഡൻ, ഫിലിപ്പീൻസ്, , തുർക്കി, ഇറാൻ, അർജന്റീന, ലബനൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഈ ചിത്രം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച നടൻ ഗണേഷ് ഷെൽക്കെ, മികച്ച നടി പുനം ചന്ദോർക്കർ.മികച്ച പശ്ചാത്തല സംഗീതം സന്തോഷ് ചന്ദ്രൻ.

പുനെയിലും പരിസര പ്രദേശങ്ങളിലുമായി ഓഗസ്റ്റിലാണ് 'പഗ് ല്യാ' ചിത്രീകരണം പൂർത്തീകരിച്ചത്. നഗരത്തിലും ഗ്രാമത്തിലും വളരുന്ന രണ്ട് കുട്ടികൾക്കിടയിലേക്ക് ഒരു നായ്ക്കുട്ടി കടന്നുവരുന്നതും, തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. രണ്ട് കുട്ടികളുടെ മാനസിക സംഘർഷങ്ങളും നിഷ്‌ക്കളങ്കതയുമാണ് ചിത്രം പറയുന്നത്.

മനോഹരങ്ങളായ ദൃശ്യഭംഗിയും, ഹൃദയസ്പർശിയായ ഗാനങ്ങളുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവുമായ വിനോദ് സാം പീറ്ററിന് പുറമെ പഞ്ചാത്തല സംഗീതമൊരുക്കിയ സന്തോഷ് ചന്ദ്രൻ, സംഗീത സംവിധായകൻ ബെന്നി ജോൺസൺ, ക്യാമറ ചലിപ്പിച്ച രാജേഷ് പീറ്റർ, കോസ്റ്റ്യൂം ഒരുക്കിയ സച്ചിൻകൃഷ്ണ, വിഷ്ണു കുമാർ എന്നിവരും മലയാളികളാണ്. കൊവിഡ് ഭീതിയൊഴിഞ്ഞാൽ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്‌