അമേരിക്കൻ രാഷ്‌ട്രീയത്തിൽ രണ്ടു നൂറ്റാണ്ടിലേറെയായി നിലനിന്ന വിവേചനത്തിന്റെ വന്മതിലുകളാണ് ഇന്ത്യൻ വേരുകളുള്ള കമല ഹാരിസ് എന്ന വനിത ഉന്നത വിദ്യാഭ്യാസത്തിന്റെയും കഴിവിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിൻബലത്തിൽ പൊളിച്ചടുക്കിയത്. 1776ൽ അമേരിക്ക എന്ന രാജ്യം സ്ഥാപിതമായതു മുതൽ നിലനിന്ന അടിമക്കച്ചവടം 1865ൽ എബഹാം ലിങ്കൺ ഭരണഘടനാ ഭേദഗതിയിലൂടെ നിരോധിച്ചെങ്കിലും വെളുത്തവരുടെ സമൂഹത്തിൽ കറുത്തവരോടുള്ള വിവേചനം അടിയൊഴുക്കായി തുടർന്നു. ഇക്കാലത്തൊന്നും കറുത്തവരുടെ പ്രതിനിധി അമേരിക്കയുടെ ഭരണത്തലപ്പത്ത് എത്തിയില്ല.
കറുത്ത നിറത്തിന്റെ പേരിൽ സ്‌കൂൾ പഠനകാലത്ത് വിവേചനം അനുഭവിച്ച കമല അമേരിക്കൻ വൈസ് പ്രസിഡന്റാകുമ്പോൾ അത് കാലം കാത്തുവച്ച കാവ്യനീതിയാണ്. കഴിഞ്ഞ മേയിലാണ് ജോർജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരനെ വെള്ളക്കാരായ പൊലീസുകാർ പട്ടാപ്പകൽ നടുറോഡിൽ കഴുത്തിൽ കാൽമുട്ടമർത്തി കൊലപ്പെടുത്തിയത്. 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന ആ മനുഷ്യന്റെ തേങ്ങൽ 'ബ്ലാക് ലൈവ്സ് മാറ്റർ' എന്ന കൊടുങ്കാറ്റായി. കറുത്തവരും കറുപ്പിനോട് അനുതാപമുള്ള വെളുത്തവരും കരുത്തു പകർന്ന ആ കാറ്റിൽ വെള്ളക്കാരന്റെ ധാർഷ്ട്യത്തിന്റെ പ്രതീകമായ ട്രംപ് കടപുഴകി. അമേരിക്കൻ ചരിത്രത്തിൽ റെക്കാഡിട്ട് ബൈഡനു കിട്ടിയ ഏഴുകോടിയിൽപ്പരം പോപ്പുലർ വോട്ട് കമലാ ഹാരിസിനും കൂടി അവകാശപ്പെട്ടതാണ്.
അമേരിക്കൻ വൈസ് പ്രസിഡന്റാവുന്ന ആദ്യത്തെ വനിത, ആദ്യ കറുത്ത വർഗ്ഗക്കാരി, ആദ്യ ഏഷ്യൻ വംശജ.... കമലയുടെ ജീവിതത്തിൽ ഇങ്ങനെ നിരവധി റെക്കാഡുകളുണ്ട്.
ഇത്തവണ പ്രസിഡന്റ് സ്ഥാനത്തേക്കാണ് കമല ആദ്യം മത്സരിക്കാൻ തുനിഞ്ഞത്. ഫണ്ട് തീർന്നതിനാൽ പിൻവാങ്ങുകയായിരുന്നു. നാലു വർഷം കഴിയുമ്പോൾ ആ പദവിയിലേക്കു തന്നെയാവും കമലയുടെ യാത്ര. 2017 ൽ കാലിഫോർണിയയിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റർ ആയപ്പോൾ ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ആഫ്രോ- അമേരിക്കൻ വനിതയും ആദ്യ ദക്ഷിണേഷ്യൻ വംശജയുമായി.സാൻഫ്രാൻസിസ്‌കോയിലെ ആദ്യത്തെ വനിതാ ഡിസ്‌ട്രിക്‌ട് അറ്റോർണി, കാലിഫോർണിയയിലെ അറ്റോർണി ജനറൽ ആകുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജ തുടങ്ങിയവ കമലയുടെ റെക്കാഡുകളാണ്.
മുഴുവൻ പേര് കമല ദേവി ഹാരിസ്. ഹിന്ദുവായ അമ്മ ശ്യാമള തന്റെ ഹൈന്ദവ പാരമ്പര്യം ഉപേക്ഷിക്കാതെ രണ്ടു പെൺമക്കൾക്കും ഹിന്ദു പേരുകൾ നൽകുകയായിരുന്നു - കമലാ ദേവി, മായാ ലക്ഷ്‌മി. ദൈവങ്ങളെ ആരാധിക്കുന്ന ഹൈന്ദവ സംസ്‌കാരത്തിൽ ശക്തരായ വനിതകളുണ്ടെന്ന് ശ്യാമള 2004 ൽ ലോസാഞ്ചലസ് ടൈംസിനു നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. കമല എന്നാൽ താമര. ധനത്തിന്റെയും സൗഭാഗ്യങ്ങളുടെയും ദേവതയായ ലക്ഷ്‌മീദേവിയുടെ മറ്റൊരു പേരുമാണ് കമല. പിന്നെ ദേവി. അത് ദൈവികനാമം.
ഉന്നത നിലയിലെത്താൻ ആഗ്രഹിച്ച കുടിയേറ്റക്കാരായ മാതാപിതാക്കളുടെ മകളായി ഓക്‌ലൻഡിൽ ജനനം. അമ്മ ശ്യാമള ഗോപാലൻ ചെന്നൈ സ്വദേശി. പത്തൊൻപതാം വയസ്സിൽ ശ്യാമള അമേരിക്കയിലെത്തി. കാലിഫോർണിയ സർവകലാശാലയിൽ ഉന്നത പഠനം. പഠനം കഴിഞ്ഞ് വിവാഹിതയാകാൻ നാട്ടിലേക്കു മടങ്ങേണ്ടതായിരുന്നു, ശ്യാമള. പക്ഷേ അമേരിക്കൻ പൗരാവകാശ പ്രക്ഷോഭം ശ്യാമളയെ ആകർഷിച്ചു. ജമൈക്കൻ കുടിയേറ്റക്കാരനും ഇക്കണോമിക്സ് ഗവേഷണ വിദ്യാർത്ഥിയുമായ ഡൊണാൾഡ് ഹാരിസുമായി പ്രണയം. പ്രണയത്തിനായി ബ്രാഹ്മണ ജാതിയും ആചാരങ്ങളും ഹൈന്ദവ പാരമ്പര്യങ്ങളും മറികടന്ന ശ്യാമള ധീരമായ തീരുമാനമെടുത്തു - ഡൊണാൾഡിനെ വിവാഹം ചെയ്‌തു.
സ്വാതന്ത്ര്യ സമരസേനാനിയും പുരോഗമന വാദിയും സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായിരുന്ന അച്‌ഛൻ പി.വി. ഗോപാലനും ധീരവനിതയായിരുന്ന അമ്മ രാജം ഗോപാലനും മകളുടെ രാഗവായ്‌പിന് അനുഗ്രഹമേകി. 1940കളിൽ തന്റെ ഫോക്‌സ്‌വാഗൺ ബീറ്റിൽ കാർ സ്വയം ഓടിച്ച് ഗ്രാമങ്ങളിലെത്തി പാവപ്പെട്ട സ്‌ത്രീകൾക്കിടയിൽ സന്താന നിയന്ത്രണം പ്രചരിപ്പിച്ചിരുന്നു, രാജം ഗോപാലൻ. പുരോഗമനവാദത്തിന്റെ ആ ചോരയാണ് കമലയുടെ സിരകളിലും.