കൊച്ചി: സ്വർണക്കടത്ത് കേസ് പൂർണമായും രാഷ്ട്രീയയുദ്ധത്തിലേക്ക് നീങ്ങിയതോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റും അടവുകൾ മാറ്റുന്നു. കേരളത്തിന്റെ മുഴുവൻ നിയന്ത്രണാധികാരമുളള കൊച്ചി മേഖലാ ഓഫീസിന് പുതിയ മേധാവിയെ നിയമിച്ചുകൊണ്ടാണ് തുടക്കം. അഹമ്മദാബാദ് ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന മനീഷ് ഗോധാരയെയാണ് കൊച്ചി ഓഫീസിന്റെ പുതിയ ജോയിന്റ് ഡയറക്‌ടറായി നിയമിച്ചത്.
സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദ വിഷയമായ സ്വർണക്കടത്ത് കേസ് അന്വേഷണം തുടങ്ങിയതുമുതൽ കൊച്ചി മേഖലാ ഓഫീസിന്റെ ചുമതലയുണ്ടായിരുന്നത് മലയാളിയായ അസിസ്റ്റന്റ് ഡയറക്‌ടർ പി രാധാകൃഷ്‌ണനായിരുന്നു. എന്നാൽ, അന്വേഷണം സ്വർണക്കടത്തിൽനിന്ന് വഴിതിരിഞ്ഞ്, സംസ്ഥാനസർക്കാരിന്റെ പദ്ധതിയായ കെ-ഫോണിലേക്ക് ഉൾപ്പടെ നീങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ എൻഫോഴ്‌സ്‌മെന്റിനെതിരെ തിരിഞ്ഞു.
സി പി എമ്മും സർക്കാരും അന്വേഷണ ഏജൻസികൾക്ക് എതിരെ കർശന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ എൻഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുളള നീക്കത്തിലാണ്. കെ-ഫോൺ, ലൈഫ് മിഷൻ രേഖകൾ ശിവശങ്കർ സ്വപ്‌ന സുരേഷിന് ചോർത്തിനൽകിയെന്ന റിപ്പോർട്ടും കോടതിയിൽ ഇ ഡി നൽകിയിട്ടുണ്ട്.
ഇതിന് ബദലായാണ് ലൈഫ് മിഷൻ ഫയലുകൾ വിളിച്ചുവരുത്തിയതിൽ നിയമസഭ പ്രിവിലേജ് ആൻഡ് എത്തിക്‌സ് കമ്മിറ്റി ഇ ഡിയിൽ നിന്ന് വിശദീകരണം തേടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിർണായക തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നതിനാലാണ് കേന്ദ്രത്തിന്റെ വിശ്വസ്‌തനായ ജോയിന്റ് ഡയറക്‌ടറെ കേരളത്തിലേക്ക് ഗുജറാത്തിൽ നിന്ന് എത്തിച്ചിരിക്കുന്നത്.