കൊച്ചി: കൊവിഡിൽ നഷ്‌ടത്തിലേക്ക് വീണ കേരളത്തിന്റെ മരുന്ന് വിപണി മെല്ലെ കരകയറുന്നു. കൊവിഡ് കാലത്ത് മരുന്ന് ഉപഭോഗം കേരളത്തിൽ വൻതോതിൽ കുറഞ്ഞിരുന്നു. ആന്റിബയോട്ടിക്, ആന്റി ഇൻഫ്ളമേറ്ററി മരുന്നുകളുടെ വില്പനയാണ് പ്രധാനമായും കുറഞ്ഞത്. എന്നാൽ, ലോക്ക്ഡൗൺ ഇളവുകളുടെ പിൻബലത്തിൽ വിപണി മെല്ലെ തിരിച്ചുകയറുകയാണെന്ന് ഓൾ ഇന്ത്യൻ ഒറിജിൻ കെമിസ്‌റ്റ്‌സ് ആൻഡ് ഡിസ്‌ട്രിബ്യൂട്ടേഴ്സ് (എ.ഐ.ഒ.സി.ഡി) ലിമിറ്റഡ് ഫാർമ സോഫ്‌റ്റ്‌ടെക് അവാക്‌സിന്റെ റിപ്പോർട്ട് വ്യക്തമാക്കി.
കൊവിഡിന് മുമ്പ് പ്രതിമാസം ശരാശരി 1,000 കോടി രൂപയുടെ മരുന്ന് കച്ചവടം കേരളത്തിൽ നടന്നിരുന്നു. പ്രതിവർഷം 12,000 കോടി മുതൽ 15,000 കോടി രൂപവരെയാണ് സംസ്ഥാന മരുന്ന് വിപണിമൂല്യം. ശരാശരി 15 ശതമാനം വാർഷിക വളർച്ചയും കേരളം കുറിക്കാറുണ്ട്. എന്നാൽ, കൊവിഡിൽ പ്രതിമാസ വില്പന 399 രൂപവരെ താഴ്‌ന്നുവെന്ന് എ.ഐ.ഒ.സി.ഡിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.
മേയിൽ വില്പന 399 കോടി രൂപയുടേതായിരുന്നു. ജൂണിൽ 443 കോടി രൂപ, ജൂലായിൽ 463 കോടി രൂപ, ആഗസ്‌റ്റിൽ 444 കോടി രൂപ, സെപ്‌തംബറിൽ 473 കോടി രൂപ എന്നിങ്ങനെ കച്ചവടം മെച്ചപ്പെട്ടു. 2019 മേയേക്കാൾ ഇത്തവണ മേയിൽ വില്പന ഇടിവ് 11.69 ശതമാനമായിരുന്നു. സെപ്‌തംബറായതോടെ വില്പനയിടിവ് 2.72 ശതമാനമായി താഴ്‌ന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഏഴിനം മരുന്നുകളുമായി
എ.കെ.സി.ഡി.എ
മരുന്ന് വിതരണക്കാരുടെ സംഘടനയായ ഓൾ കേരള കെമിസ്‌റ്റ്‌സ് ആൻഡ് ഡ്രഗിസ്‌റ്റ്‌സ് അസോസിയേഷൻ (എ.കെ.സി.ഡി.എ) മരുന്ന് നിർമ്മാണത്തിലേക്കും കടന്നു. ഉപകമ്പനിയായി രൂപീകരിച്ച കൈനോ ഫാമിന്റെ ബ്രാൻഡിൽ ഏഴ് ഉത്‌പന്നങ്ങളാണ് നവംബർ ഒന്നിന് മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ വിപണിയിലിറക്കിയത്.
2021 ജനുവരിയോടെ കേരളത്തിലാകെ ഇവ ലഭ്യമാക്കുമെന്ന് എ.കെ.സി.ഡി.എ പ്രസിഡന്റും കൈനോ ഫാം ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ.എൻ. മോഹൻ പറഞ്ഞു. നിലവിൽ കേരളത്തിന് ആവശ്യമായ മരുന്നുകളിൽ 90 ശതമാനവും പുറത്തുനിന്നാണ് എത്തുന്നത്. കേരളത്തെ മരുന്നുത്പാദനത്തിൽ സ്വയംപര്യാപ്തമാക്കുകയും മിതമായ നിരക്കിൽ നിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പുതു ഉത്പന്നങ്ങൾ
1. കൈനടാസ് ഹാൻഡ് സാനിറ്റൈസർ
2. കൈനോഡെറ്റ് : ആന്റി സെപ്‌റ്റിക് ലിക്വിഡ്
3. കൈനോപാർ 650 : പാരസെറ്റാമോൾ
4. കൈനേസ് പി ടാബ്‌ലെറ്റ്
5. പ്രാസോകെയിൻ കാപ്‌സ്യൂൾ
6. കൈനോജെൽ : ആന്റി ഇൻഫ്ളമേറ്ററി
7. കൈനോഡേം : ആന്റി ഫംഗൽ ക്രീം