നടപ്പാവുന്നത് 2021 ജനുവരി മുതൽ
ന്യൂഡൽഹി: 2017 ഡിസംബറിന് മുമ്പ് വിറ്റഴിക്കപ്പെട്ട നാലുചക്ര വാഹനങ്ങൾക്ക് തേർട്ടി പാർട്ടി ഇൻഷ്വറൻസ് വാങ്ങാൻ ഫാസ്‌ടാഗ് നിർബന്ധമാക്കി കേന്ദ്രസർക്കാർ. 2021 ജനുവരി മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. 2017 ഡിസംബർ ഒന്നുമുതൽ വിറ്റഴിഞ്ഞ വാഹനങ്ങൾക്ക് ഫാസ്‌ടാഗ് നേരത്തേ നിർബന്ധമാക്കിയിരുന്നു.
2021 ഏപ്രിൽ ഒന്നുമുതൽ കാറുകൾ മുതലുള്ള എല്ലാ വാഹനങ്ങൾക്കും ഫാസ്‌ടാഗ് നിർബന്ധമാണ്. ഇൻഷ്വറൻസ് പോളിസിയിൽ ഫാസ്‌ടാഗ് ഐ.ഡിയും രേഖപ്പെടുത്തും. ടോൾ പ്ലാസകളിൽ പേമെന്റുകൾ 100 ശതമാനവും കറൻസിരഹിതമാക്കുകയാണ് ഇതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. പുതിയ കാറുകളുടെ രജിസ്‌ട്രേഷന് ഫാസ്‌ടാഗ് ഇപ്പോൾ നിർബന്ധമാണ്.
100%
രാജ്യത്തെ ടോൾ പ്ളാസകളിൽ ഫാസ്‌ടാഗ് വഴിയുള്ള പിരിവ് കൊവിഡിന് മുമ്പത്തെ സ്ഥിതിയിലേക്ക് 100 ശതമാനത്തോളവും തിരിച്ചെത്തിയിട്ടുണ്ട്. സെപ്‌തംബർ ആദ്യവാരം തന്നെ 98 ശതമാനം കുറിച്ചിരുന്നു. കഴിഞ്ഞമാസം ഇത് 100 ശ തമാനത്തിലേക്ക് എത്തിയെന്നാണ് വിലയിരുത്തൽ.
ഫാസ്‌ടാഗ്
വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ പതിക്കുന്ന റേഡിയോ - ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ അധിഷ്‌ഠിത സ്‌റ്റിക്കറാണ് ഫാസ്‌ടാഗ്. ഇത് വാഹന ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കും. ടോൾ പ്ളാസകളിൽ വാഹനം നിറുത്താതെ തന്നെ കടന്നുപോകാൻ ഇതു സഹായിക്കും. പ്ളാസയിൽ എത്തുമ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി പണം ഈടാക്കപ്പെടുമെന്നതാണ് കാരണം.
തേർഡ് പാർട്ടി
ഇൻഷ്വറൻസ്
വാഹന അപകടത്തിൽ മൂന്നാംകക്ഷിക്ക് ഉണ്ടാകുന്ന നഷ്‌ടങ്ങൾക്കുള്ള പരിഹാരമാണ് തേർഡ് പാർട്ടി ഇൻഷ്വറൻസ്. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം നിരത്തിലിറക്കുന്നത് നിയമവിരുദ്ധമാണ്.