ശ്രീനഗർ: ജമ്മുകാശ്‌മീരിലെ കുപ്‍വാരയിലെ മാച്ചിലിൽ നിയന്ത്രണരേഖയിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. ആർമി ക്യാപ്ടനും രണ്ട് സൈനിക ഓഫീസർമാരും ഒരു ബി.എസ്.എഫ് ജവാനും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നു ഭീകരരെ വധിച്ച് സൈന്യം കനത്ത തിരിച്ചടി നൽകി. നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്.
ഇന്നലെ രാത്രി വൈകിയും ഏറ്റുമുട്ടൽ തുടർന്നു.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ നിയന്ത്രണരേഖയ്ക്ക് സമീപം സംശയാസ്പദമായ ചലനങ്ങൾ ഇന്ത്യൻ പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരെ കണ്ടെത്തി. ഇതോടെ ഏറ്റുമുട്ടലുണ്ടായി. മൂന്നുമണിക്കൂറോളം ഭീകരരും സൈന്യവും തമ്മിൽ വെടിവയ്പുണ്ടായി. ഇതിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോൺസ്റ്റബിൾ സുദീപ് സർക്കാർ വീരമൃത്യുവരിച്ചതായി സൈനിക വക്താവ് അറിയിച്ചു.
ഏതാണ്ട് പുലർച്ചെ നാലുമണിയോടെ ഏറ്റുമുട്ടൽ അവസാനിച്ചു. എന്നാൽ രാവിലെ 10.20ഓടെ മാച്ചിൽ മേഖലയിലെ നിയന്ത്രണരേഖയ്ക്ക് 1.5 കി.മി അകലെ കൂടുതൽ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി. ഭീകരർ സൈനികർക്ക് നേരെ വെടിവയ്പ് ആരംഭിച്ചു. ശക്തമായി തിരിച്ചടിച്ചെങ്കിലും ക്യാപ്ടനും രണ്ട് സൈനിക ഓഫീസറും വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. രണ്ട് ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.
പരിക്കേറ്റ ജവാന്മാരെ ആശുപത്രിയിലേക്ക് മാറ്റിയതായി പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം. പരുക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തുന്നുണ്ട്. എട്ടോളം ഭീകരരാണ് പ്രദേശത്തുള്ളതെന്നാണ് പൊലീസ് നൽകുന്ന വിവരം. നാലംഗ സംഘത്തോടാണ് സൈന്യം ഏറ്റുമുട്ടിയത്. ഏറ്റുമുട്ടൽ നടന്നയിടത്ത് നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. ഭീകരരുടെ രണ്ടു ബാഗുകളും പരിശോധനയ്ക്കെടുത്തിട്ടുണ്ട്.
കഴിഞ്ഞദിവസം ഹിസ്‌ബുൾ മുഹാജിദ്ദീൻ ഭീകരസംഘടനയുടെ തലവനായ സെയ്‌ഫുള്ളയെ കാശ്‌മീർ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു.
ആക്രമണവുമായി പാക് ഭീകരർ
നേരത്തേ കത്‌വ ജില്ലയിലെ രാജ്യാന്തര അതിർത്തിയിലും ഇന്ത്യൻ സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റുകൾക്കും ഗ്രാമങ്ങൾക്കും നേരെ പാക് ഭീകരർ വെടിവച്ചിരുന്നു. രാത്രി 9.05നായിരുന്നു ഹിരാനഗർ സെക്ടറിലെ വെടിവയ്പ് ആരംഭിച്ചത്. ഇതു പുലർച്ചെ അഞ്ചു വരെ നീണ്ടു. തുടർന്ന് ബി.എസ്.എഫ് തിരിച്ചടിച്ചു.
രാത്രിയിലുടനീളം അതിർത്തിയിലെ ഗ്രാമങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി പ്രദേശവാസികളും പറഞ്ഞു. നേരത്തേ പലപ്പോഴും ഇത് സംഭവിക്കാറുണ്ട്. ബങ്കറുകളിലാണ് പലപ്പോഴും രാത്രികൾ തള്ളിനീക്കുന്നതെന്നും ഗ്രാമവാസികൾ കൂട്ടിച്ചേർത്തു. മറ്റിടങ്ങളിൽ അതിർത്തിയിൽ പാക് സൈന്യം വെടിവയ്പ് നടത്തുകയും സൈന്യത്തിന്റെ ശ്രദ്ധ അവിടേക്കു മാറുമ്പോൾ നുഴഞ്ഞുകയറ്റം നടത്തുകയെന്നതുമാണ് പാക് ഭീകരരുടെ രീതി.