kseb

ഏറ്റവും അധികം പരാതികൾ ലഭിക്കുന്ന വിഭാഗമാണ് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബി പ്രവർത്തനത്തെകുറിച്ചും ധാരാളം പരാതികൾ ഉയരാറുണ്ട്. അതിൽ പ്രധാനമാണ് ഓഫീസിൽ വിളിച്ചാൽ ഫോണടുക്കില്ല, വൈദ്യുതി മുടങ്ങിയാൽ തിരികെ വരാൻ ധാരാളം സമയമെടുക്കുമെന്നത്.അനാസ്ഥയെകുറിച്ചുള്ള വാർത്തകളാണ് അധികം കേൾക്കുന്നതെങ്കിലും കെ.എസ്.ഇ.ബിയെയും പ്രവർത്തനത്തെയും പ്രശംസിക്കുന്ന കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. കുറിപ്പ് കെ.എസ്.ഇ.ബിയുടെ ഫേസ്ബുക്ക് പോസ്റ്റിലും പങ്കുവച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡപ്യൂട്ടി മാനേജരായ ശ്രീ. ജയന്‍ മണ്‍റോ (Jayan Munroe) ഇന്നലെ FB യില്‍ കുറിച്ചത്:

'KSEB പഴയ KSEB അല്ല...'
ഇന്നുച്ചയ്ക്ക് (7/11/2020) ഫ്ളാറ്റില്‍ ഞങ്ങള്‍ക്ക് മാത്രം കറന്റ് പോയി. KSEB ലൈനിന്റെ തകരാര്‍ ആണ്. KSEB യെ വിളിക്കണമെന്ന് കെയര്‍ ടേക്കര്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ് പല ബിസി ഷെഡ്യൂളും പ്ലാന്‍ ചെയ്തത് വെള്ളത്തിലായാല്ലോ എന്ന ഉത്കണ്ഠയിലായിരുന്നു ഞാന്‍. പുത്തന്‍ ചന്തയിലെ KSEB സെക്ഷന്‍ ഓഫീസിലേക്ക് ഞാന്‍ വിളിച്ചു. 'സര്‍ ഉടന്‍ ആള് വരും' എന്ന മറുപടി വന്നെങ്കിലും എനിക്ക് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. കൃത്യം 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ എന്റെ ഫോണിലേക്ക് നിയോഗിച്ച ലൈന്‍മാന്റെ ഫോണ്‍ വന്നു. ഏകദേശം അര മണിക്കൂര്‍ കൊണ്ട് അവരുടെ ജോലി കഴിഞ്ഞപ്പോള്‍ സപ്ലൈ വന്നു. എന്റെ പ്ലാനുകള്‍ ഒന്നും തടസ്സപ്പെട്ടില്ലല്ലോ എന്നാശ്വാസം. ശരിക്കും KSEB യുടെ ഇന്നത്തെ സര്‍വീസ് എന്നെ അത്ഭുതപ്പെടുത്തി. ഞങ്ങള്‍ ബാങ്ക്കാര്‍ക്ക് സണ്‍ഡേ അല്ലാത്തൊരു ദിവസം കിട്ടുന്നയന്നാണ് വീട്ടിലെ എല്ലാ ചുമതലകളും നിര്‍വഹിക്കാനാകുന്നത്. സാധാരണ ഉള്ളപോലെ നമ്മുടെ ഒരു സന്തോഷത്തിന് അവര്‍ക്ക് ഒരു ചായ കുടിക്കാന്‍ ഉള്ളൊരു ചില്ലറ നല്‍കാനൊരുങ്ങിയപ്പോള്‍ ' അയ്യോ വേണ്ട സര്‍... ' എന്ന് വളരെ ആത്മാര്‍ഥതയോടെ പറഞ്ഞ് അവര്‍ അത് നിരസിച്ചു. ശരിക്കും എന്റെ ഞെട്ടല്‍ ഇരട്ടിച്ചു. ആ വന്ന 2 ജീവനക്കാര്‍ ജയകുമാറും, രാജേഷും. ഞാന്‍ താമസിക്കുന്ന വീട് അവരുടെ വീട് പോലെ കണ്ടാണ് അവര്‍ വൈദ്യുതി പ്രശ്‌നം പരിഹരിച്ചത്. ഇതിനിടയില്‍ ജയകുമാറിനോട് ഞാനൊന്ന് കൊത്തി നോക്കി. ' കെ ഫോണ്‍ ഒക്കെ വന്ന് കഴിയുമ്പോള്‍ KSEB യുടെ നഷ്ടമെല്ലാം മാറും അല്ലേ.' അപ്പോള്‍ ജയകുമാറിന്റെ മുഖത്ത് ഒരു വല്ലാത്ത സന്തോഷത്തിരമാലയുടെ വേലിയേറ്റം എനിക്ക് കാണാനായി. ജയകുമാര്‍ പിന്നങ്ങ് വാചാലനായി. ' സര്‍ പറഞ്ഞത് ശരിയാണ്. പവര്‍ ഗ്രിഡ്, പിന്നെ വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ എല്ലാം തന്നെ KSEB യെ നമ്മുടെ നാടിന്റെ മുഖ്യ വരുമാനമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ്. ഇനി ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന ഒരു സംരംഭം കൂടി തുടങ്ങുന്നുവെന്ന് കേള്‍ക്കുന്നു.'

തിരുവനന്തപുരം പനവിള PRS ഫ്ളാറ്റിന് മുന്നില്‍ നിന്ന് ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറഞ്ഞപ്പോള്‍, 'സര്‍ എന്തിനാണ് ?' എന്നവര്‍ ചോദിച്ചു. എന്റെ മറുപടി
'നിങ്ങളൊരു മാതൃകയാണ്...
ഒപ്പം അഭിമാനവും...'
Our Big Salute to KSEB,
Jayakumar & Rajesh
--- ജയന്‍ മണ്‍റോ