വാഷിംഗ്ടൺ: അമേരിക്കൻ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു വനിത വൈസ് പ്രസിഡന്റ് പദവിയിലേറുന്നത്. അത് ഒരു ഇന്ത്യൻ വംശജ കൂടിയാകുമ്പോൾ വിജയത്തിന് മധുരം കൂടും.
അഭിമുഖങ്ങളിലും മറ്റും മനസ് തുറന്ന് സംസാരിക്കുന്ന, എല്ലാം മറന്ന് നിഷ്കളങ്കമായി പൊട്ടിച്ചിരിക്കുന്ന കമല ഹാരിസ് അമേരിക്കക്കാർക്ക് പണ്ടേ പ്രിയങ്കരിയാണ്.
1964 ഒക്ടോബർ ഇരുപതിന് കാലിഫോർണിയയിലെ ഓക്ക്ലാൻഡിൽ ജനിച്ച കമല ചെന്നൈ സ്വദേശിയായ ഡോ.ശ്യാമള ഗോപാലന്റേയും ജമൈക്കൻ സ്വദേശിയായ ഡോണാൾഡ് ഹാരിസിന്റേയും മകളാണ്. ഡഗ്ലസ് എംഹോഫ് ആണ് ഭർത്താവ്.
കാലിഫോർണിയയിൽ നിന്നുള്ള സെനറ്ററായ കമല തിരഞ്ഞെടുപ്പിന്റെ ആരംഭത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ നീക്കം നടത്തിയിരുന്നു.
എന്നാൽ പ്രസിഡന്റായി മത്സരിക്കാൻ ജോ ബൈഡൻ തീരുമാനിച്ചതോടെ കമല അദ്ദേഹത്തിന് തുറന്ന പിന്തുണ പ്രഖ്യാപിച്ച് പിന്മാറി.
ഇതോടെ ഡമോക്രാറ്റുകൾക്കിടെയിൽ കമലയ്ക്ക് ശക്തമായ പിന്തുണ ലഭിച്ചു. ആഫ്രിക്കൻ വംശജരിൽ നിന്നും ഇന്ത്യൻ വംശജരിൽ നിന്നുമുള്ള പിന്തുണ കമലയ്ക്ക് തിരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്തു.
2010 നവംബറിൽ കാലിഫോർണിയ അറ്റോർണി ജനറൽ ആയി തിരഞ്ഞെടുക്കപ്പെട്ട കമല ഈ സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രോ - അമേരിക്കൻ വംശജയും ആദ്യ വനിതയുമാണ്.
2016 നവംബറിൽ കാലിഫോർണിയയിൽ നിന്ന് കമല സെനറ്റിലുമെത്തി.
കറുത്തവംശജനെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ വേണ്ട രീതിയിൽ പ്രതികരിച്ചില്ലെന്ന ആരോപണം കമലയ്ക്കെതിരെ ഉയർന്നെങ്കിലും അവർ അതെല്ലാം മറികടന്നു.
രാജ്യത്തെ വംശീയ പ്രശ്നങ്ങളിൽ കമല ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു.
സ്ത്രീകൾ, കറുത്ത വംശക്കാർ, പുരോഗമനവാദികൾ എന്നിവർ അവർക്കൊപ്പം നിന്നുവെന്നാണ് തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ വംശീയ പ്രശ്നങ്ങളിൽ കമല ശക്തമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.