gold-bond

കൊച്ചി: റിസർവ് ബാങ്ക് പുറത്തിറക്കുന്ന സ്വർണ ബോണ്ടുകളുടെ എട്ടാംഘട്ട വില്പന ഇന്നുമുതൽ 13വരെ നടക്കും. ഗ്രാമിന് 5,177 രൂപയാണ് വില. ഓൺലൈനായി അപേക്ഷിക്കുന്നവർക്കും ഡിജിറ്റലായി പണമടയ്ക്കുന്നവർക്കും ഗ്രാമിന് 50 രൂപ ഡിസ്‌കൗണ്ട് നൽകാൻ കേന്ദ്രസർക്കാരും റിസർ‌വ് ബാങ്കും ചേർന്ന് തീരുമാനിച്ചിട്ടുണ്ട്. ഇവർ‌ ഗ്രാമിന് 5,127 രൂപ നൽകിയാൽ മതി.

ഇന്ത്യൻ പൗരന്മാർക്കും അവിഭക്ത ഹിന്ദു കുടുംബങ്ങൾക്കും ട്രസ്‌റ്റുകൾ, സർവകലാശാലകൾ, ചാരിറ്റബിൾ സ്ഥാപനങ്ങൾ എന്നിവയ്ക്ക് സ്വർണ ബോണ്ട് വാങ്ങാം. വ്യക്തികൾക്ക് ഒരു ഗ്രാം മുതൽ നാലുകിലോ വരെ ഒരു സാമ്പത്തിക വർഷം വാങ്ങാം. ട്രസ്‌റ്റുകൾക്കും മറ്റു സ്ഥാപനങ്ങൾക്കും 20 കിലോഗ്രാം വരെ വാങ്ങാവുന്നതാണ്.

വാണിജ്യ ബാങ്കുകൾ, സ്‌റ്റോക്ക് ഹോൾഡിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, തിരഞ്ഞെടുക്കപ്പെട്ട തപാലോഫീസുകൾ, എൻ.എസ്.ഇ., ബി.എസ്.ഇ (ഓഹരി വിപണികൾ) എന്നിവിടങ്ങളിലാണ് സ്വർണ ബോണ്ട് ലഭിക്കുക. സ്വർണ ബോണ്ടിന്റെ കാലാവധി എട്ടുവർഷമാണ്. എന്നാൽ, അഞ്ചുവർഷത്തിന് ശേഷം വിറ്റഴിക്കാം. പലിശനിരക്ക് 2.50 ശതമാനം.