തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച രക്ഷാപാക്കേജിൽ ഇടം കിട്ടാതായതോടെ, കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ ഭാവി അനിശ്ചിതത്വത്തിൽ. ഇപ്പോൾ സഹകരണ ബാങ്കുകൾ വഴി നടത്തുന്ന പെൻഷൻ വിതരണത്തിന് അടുത്ത മാർച്ച് വരെയാണ് സർക്കാരുമായി കരാറുള്ളത്. ശേഷം എന്തെന്ന ചോദ്യത്തിന് ഉത്തരമില്ല.
പെൻഷൻ വിതരണം സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പെൻഷൻകാരുടെ സംഘടനകൾ വീണ്ടും സമരത്തിലാണ്. ഈ സർക്കാർ കെ.എസ്.ആർ.ടി.സിക്ക് ഇതിനകം നൽകിയത് 4150 കോടിയാണ്. അതിൽ 3100 കോടിയും പെൻഷൻ വിതരണത്തിന് പോയി. കരാർ പ്രകാരം സഹകരണ സംഘങ്ങളിലൂടെയുള്ള പെൻഷൻ വിതരണത്തിന്റെ പലിശ ഉൾപ്പെടെ സർക്കാരാണ് നൽകുന്നത്. ഇതൊരു സ്ഥിരം ഏർപ്പാടായി സർക്കാർ അംഗീകരിച്ചിട്ടില്ല. സർക്കാരിന്റെ പാക്കേജിൽ ജീവനക്കാർക്ക് ശമ്പള പരിഷ്കരണവും ,ഇടക്കാലാശ്വാസവും ഉൾപ്പെടെ പ്രഖ്യാപിച്ചപ്പോഴും, പെൻഷകാരെ പരിഗണിച്ചില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പെൻഷൻ വിതരണത്തിനു വേണ്ടിയാണ് ടിക്കറ്റിൽ സെസ് ഏർപ്പെടുത്തിയത്. അതിപ്പോഴും പിരിക്കുന്നുണ്ട്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പെൻഷൻ വിതരണത്തിന് 40 കോടിയാണ് വേണ്ടിയിരുന്നത്. സർക്കാർ വിഹിതമായി 20 കോടി നൽകിയിരുന്നു..
നടപ്പിലാവാതെ പോയ എൽ.ഐ.സി പദ്ധതി
കെ.ജി.മോഹൻലാൽ മേധാവിയായിരുന്നപ്പോൾ എൽ.ഐ.സി യുടെ പെൻഷൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. സർക്കാർ ആദ്യം 500 കോടിയും,പിന്നീട് 12 വർഷം പ്രതിമാസം 40 കോടി വീതവും എൽ.ഐ.സിക്ക് അടയ്ക്കണം. എൽ.ഐ.സി പ്രതിമാസ പെൻഷൻ വിതരണം ചെയ്യും. 12 വർഷം കഴിഞ്ഞാൽ, സർക്കാരോ കെ.എസ്.ആർ.ടി.സിയോ പണം അടയ്ക്കേണ്ടതില്ല. ഉയർന്ന പെൻഷൻ 25,000 രൂപയായി എൽ.ഐ.സി നിജപ്പെടുത്തിയെന്നും, ഡി.എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി തൊഴിലാളി സംഘടനകൾ എതിർത്തതോടെയാണ് പദ്ധതി പാളിയത്.
''പെൻഷൻകാരെ വീണ്ടും അവഗണിക്കുകയാണ്. പെൻഷൻ വിതരണം സർക്കാർ ഏറ്റെടുത്താലേ ശാശ്വതപരിഹാരമാകൂ'' -
പി.എ.എം അഷ്റഫ്, ജനറൽ സെക്രട്ടറി,
കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗ.