ന്യൂഡൽഹി: ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ 2019-20ൽ ഇന്ത്യയിൽ നിന്ന് നേടിയത് 29 ശതമാനം വളർച്ചയോടെ 13,756 കോടി രൂപ വരുമാനം. ലാഭം 253 ശതമാനം കുതിച്ച് 926 കോടി രൂപയിലുമെത്തി. 2018-19ൽ ലാഭം 262 കോടി രൂപയും വരുമാനം 10,673 കോടി രൂപയുമായിരുന്നു.
ടോഫ്‌ളർ എന്ന സ്ഥാപനമാണ് കണക്കുകൾ പുറത്തുവിട്ടത്. ആപ്പിൾ ഇതു സ്ഥിരീകരിച്ചിട്ടില്ല. കൗണ്ടർ പോയിന്റിന്റെ റിപ്പോർട്ടുപ്രകാരം ആപ്പിൾ ഏഴുലക്ഷം ഐഫോണുകളാണ് ഇക്കുറി സെപ്‌തംബർപാദത്തിൽ ഇന്ത്യയിൽ വിറ്റഴിച്ചത്. 30,000 രൂപയ്ക്കുമേൽ വിലയുള്ള ഫോണുകളുടെ വിഭാഗത്തിൽ ചൈനീസ് കമ്പനിയായ വൺപ്ളസിനെ ആപ്പിൾ പിന്തള്ളിയെന്നും റിപ്പോർട്ടിലുണ്ട്. ജൂലായ്-സെപ്‌തംബറിൽ ആപ്പിൾ എട്ടുലക്ഷം ഫോണുകൾ വിറ്റഴിച്ചുവെന്നാണ് മറ്റൊരു ഗവേഷണസ്ഥാപനമായ കാനലിസിന്റെ കണക്ക്.