prahlad

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ നിവാരിയിൽ 200 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ മൂന്നു വയസുകാരൻ പ്രഹ്ലാദ് കുശ്വാഹ മരണത്തിന് കീഴടങ്ങി. 96 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ഇന്നലെ പുലർച്ചെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭോപ്പാലിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള നിവാരിയിലെ ഹർകിഷൻ–കപൂരി ദമ്പതികളുടെ മകനാണ് പ്രഹ്ളാദ്.

കഴിഞ്ഞ ബുധനാഴ്ചയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ പ്രഹ്ളാദ് അബദ്ധത്തിൽ കുഴൽക്കിണറിൽ വീണത്. ഒരാഴ്ച മുമ്പ് കൃഷി ആവശ്യത്തിനായി ഹർകിഷൻ കുഴിച്ചതാണിത്.

കുഴൽക്കിണറിന്റെ 60 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നത്. പൊലീസും സൈന്യവും ദുരന്തനിവാരണസേനയും സംയുക്തമായി, ജെ.സി.ബിയുടെ സഹായത്തോടെ 60 അടി സമാന്തര കുഴിയുണ്ടാക്കി കുട്ടിയെ രക്ഷിക്കാനായിരുന്നു ശ്രമിച്ചത്. എന്നാൽ ബോർവെല്ലിൽ നിന്ന് വെള്ളം പുറത്തേക്ക് വന്നുകൊണ്ടിരുന്നത് ബുദ്ധിമുട്ടുണ്ടാക്കി. കുഞ്ഞിന് തുടർച്ചയായി ഓക്സിജൻ വിതരണം ചെയ്തിരുന്നുവെങ്കിലും രണ്ടാംദിവസം മുതൽ അനക്കമുണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ ആശിഷ് ഭാർഗവ പറഞ്ഞു.

ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ രക്ഷാ സംഘം കുഞ്ഞിനെ പുറത്തെത്തിച്ചു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

40തിലേറെ ജീവനുകൾ

ദേശീയ ദുരന്തനിവാരണസേനയുടെ കണക്കുകൾ പ്രകാരം 2009 മുതൽ ഇതുവരെ നാൽപ്പതിലധികം കുട്ടികളാണ് കുഴൽക്കിണർ അപകടങ്ങളിൽപ്പെട്ട് മരിച്ചത്. കുഴൽക്കിണറുകളുടെ മുകൾഭാഗം മൂടിവയ്‍ക്കുന്നതിലും ഉപയോഗശൂന്യമായ കുഴൽക്കിണർ മൂടുന്നതിലും അശ്രദ്ധ തുടരുകയാണ്.