biden

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രസിഡന്റ് സ്ഥാനാർത്ഥി ഇത്രയധികം ഭൂരിപക്ഷം നേടി വിജയിക്കുന്നത്. 7,51,98,127 കോടി വോട്ടുകളാണ് ഇതുവരെ ജോ ബൈഡൻ നേടിയത്. 2008ൽ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളെന്ന റെക്കോർഡാണ് ബൈഡൻ മറികടന്നത്. കൊവിഡ് മൂലം പ്രതിസന്ധിയിലായ അമേരിക്കയെ രക്ഷിക്കാനും വംശീയ പ്രശ്നങ്ങൾ അവസാനിപ്പിക്കാനും ബൈഡന് കഴിയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

തിരഞ്ഞെടുപ്പിൽ മഹാവിജയം നൽകിയ അമേരിക്കൻ ജനതയോട് നന്ദി പറഞ്ഞുകൊണ്ടുള്ള ബൈഡന്റെ ഹൃദയസ്പർശിയായ പ്രസംഗവും ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു. 'ഭിന്നിപ്പിക്കുന്നതല്ല, ഒന്നിപ്പിക്കുന്ന പ്രസിഡന്റായിരിക്കും ഞാൻ, നീലയും ചുവപ്പുമായി സംസ്ഥാനങ്ങളെ കാണാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആയി കാണുന്നയാൾ. രാജ്യത്തിന്റെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ആത്മാർഥമായി പ്രവർത്തിക്കും - ബൈഡൻ പറഞ്ഞു. ഈ വലിയ രാജ്യത്തെ നയിക്കാൻ എന്നെ തിരഞ്ഞെടുത്തതിൽ നന്ദി പറയുന്നു. വലിയ വിജയമാണ് നിങ്ങൾ സമ്മാനിച്ചത്. 74 മില്യൺ വോട്ടിന്റെ വളരെ വ്യക്തമായ വിജയമാണത്. ട്രംപിന് വോട്ട് ചെയ്തവർക്കുള്ള നിരാശ എനിക്ക് മനസിലാക്കാനാവും. ഞാനും രണ്ട് തവണ പരാജയപ്പെട്ടിരുന്നു. ഇത്തവണ നമുക്ക് പരസ്പരം അവസരം നൽകാം. നിയുക്ത വൈസ് പ്രസിഡന്റായ കമല ഹാരിസിനെ അഭിനന്ദിക്കാനും ബൈഡൻ മറന്നില്ല.

 സൗകര്യങ്ങളും ആനുകൂല്യങ്ങളും അനവധി

ലോകത്തിലെ ഏറ്രവും ശക്തമായ രാഷ്ട്രത്തിന്റെ ഭരണാധികാരിയാൻ ഒരുങ്ങുന്ന ബൈഡന് നാല് ലക്ഷം ഡോളർ (29,595,481 രൂപ) പ്രതിവർഷം ശമ്പളമായി ലഭിക്കും. ഇതിന് പുറമേ ചിലവുകൾക്കായി 50,000 ഡോളറും ( 3,699,435 രൂപ) നികുതി അടയ്‌ക്കേണ്ടാത്ത ഒരു ലക്ഷം ഡോളർ (7,398,870 രൂപ) യാത്രക്കായും ലഭിക്കും. എയർഫോഴ്‌സ് വൺ എന്ന അത്യാധുനിക സാങ്കേതികവിദ്യകളാൽ സജ്ജമായ വിമാനത്തോടൊപ്പം ഒരു ഹെലികോപ്റ്ററും കാറും പ്രസിഡന്റിന് ലഭിക്കും.മറൈൻ വൺ എന്ന പ്രസിഡന്റിന്റെ ഹെലികോപ്റ്ററിന് അഞ്ച് ഹെലിക്കോപ്റ്ററുകൾ അകമ്പടിയുണ്ടാകും. ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കാറായ ബീസ്റ്റിന് രാസായുദ്ധം ഉപയോഗിച്ചുള്ള ആക്രണമണങ്ങളെ വരെ ചെറുക്കാനാകും.

ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് 55,000 ചതുരശ്ര അടിയാണ്‌ വിസ്തൃതിയുണ്ട്. 132 മുറികളും 35 ശൗചാലയങ്ങളുമുള്ള കെട്ടിടത്തിൽ ടെന്നീസ് കോർട്ടും സിനിമാ തിയേറ്ററും വ്യായാമം ചെയ്യാനുള്ള ട്രാക്കും നീന്തൽക്കുളവുമുണ്ട്. കൂടാതെ, അഞ്ച് പാചകക്കാരും ഒരു സോഷ്യൽ സെക്രട്ടറിയും അടക്കം അനവധി ജീവനക്കാരും.

പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിന് 70,000 ചതുരശ്ര അടിവലിപ്പമുണ്ട്.119 മുറികളുള്ള കെട്ടിടത്തിൽ 20 കിടപ്പുമുറികളുണ്ട്. 35 ശൗചാലയങ്ങളും നാല് ഡൈനിംഗ് റൂമുകളും ജിമ്മും ഹെയർ സലൂണും ബ്ലെയർഹൗസിലുണ്ട്. പുതിയ പ്രസിഡന്റായി ബൈഡൻ വരുന്നതോടെ ട്രംപിന് ഇനി രണ്ട് ലക്ഷം ഡോളർ (14,797,740 രൂപ) വീതം പ്രതിവർഷം പെൻഷൻ ലഭിക്കും. രണ്ട് ലക്ഷം ഡോളർ വീതം ആനുകൂല്യങ്ങളായും ലഭിക്കും