വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ച വാർത്ത വായിക്കുന്നതിനിടെ കണ്ണീരണിഞ്ഞ് സി.എൻ.എൻ വാർത്താവതാരകൻ വാൻ ജോൺസ്.സി.എൻ.എൻ ആണ് ബൈഡന്റെ വിജയം ആദ്യമായി പ്രഖ്യാപിച്ചത്. വിശകലനത്തിനിടെ വാർത്താവതാരകനും പൊളിറ്റിക്കൽ കറസ്പോണ്ടന്റുമായ വാൻ ജോൺസിനോട് പ്രതികരണം ആരാഞ്ഞു. തുടർന്നാണ് ജോൺസ് വാക്കുകൾ ഇടറി വികാരഭരിതനായത്.
'ഇത് നല്ല ദിവസമാണ്. ഇന്ന് ഒരു രക്ഷിതാവാകുക എളുപ്പമാണ്. ഒരു പിതാവാകുക എളുപ്പമാണ്. വ്യക്തിത്വമാണ് പ്രധാനം, നല്ല ഒരു വ്യക്തിയാവുകയാണ് പ്രധാനം എന്ന് കുട്ടികളോട് പറയാം.' -ഇതിന് പിന്നാലെ ജോൺസ് കണ്ണീരണിഞ്ഞു.
ഒരുപാടാളുകൾക്ക് ഇത് നല്ല കാര്യമാണ്. നിങ്ങൾ ഒരു മുസ്ലിമാണെങ്കിൽ പ്രസിഡന്റിന് നിങ്ങളെ ആവശ്യമില്ല എന്നോർത്ത് ഭയക്കേണ്ടതില്ല. നിങ്ങളൊരു കുടിയേറ്റക്കാരനാണെങ്കിൽ നിങ്ങളുടെ കുട്ടികളെ തട്ടിയെടുക്കുന്നതിൽ പ്രസിഡന്റ് സന്തോഷിക്കുന്നുവോ എന്ന് ഭയക്കേണ്ടതില്ല. സ്വപ്നം കണ്ടെത്തുന്നവരെ അകാരണമായി തിരിച്ചയക്കുന്നതിനെ ഭയക്കേണ്ടതില്ല. - ജോൺസ് പറഞ്ഞുനിറുത്തി.