റിയാദ്: മകളുടെ വിവാഹത്തിന് തടസം സൃഷ്ടിക്കുന്ന പിതാവിൽ നിന്ന് രക്ഷാകർതൃത്വം ഏറ്റെടുത്ത് വിവാഹം നടത്തിക്കൊടുത്ത് ജഡ്ജി. സൗദിയിലെ ശരീഅ കോടതിയിലാണ് സംഭവം നടന്നത്.
തന്റെ വിവാഹത്തിന് സ്വന്തം പിതാവ് തന്നെ തടസമുണ്ടാക്കുന്നെന്നും വരുന്ന അന്വേഷണങ്ങളൊക്കെ അദ്ദേഹം മുടക്കുന്നുവെന്നുമുള്ള പരാതിയുമായി സൗദി യുവതി കോടതിയെ സമീപിക്കുകയായിരുന്നു.
വർഷങ്ങളായി ഈ സ്ഥിതി തുടരുകയാണെന്നും ഇക്കാലയളവിൽ നല്ല നിരവധി വിവാഹാലോചനകൾ വന്നെങ്കിലും മാതാപിതാക്കളുടെ നിഷേധാത്മകമായ സമീപനം കാരണം എല്ലാം മുടങ്ങിപ്പോവുകയാണെന്നും അതിനാൽ തന്റെ രക്ഷാകർതൃത്വം ഏറ്റെടുത്ത് കോടതി വിവാഹം നടത്തിത്തരണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം.
പരാതി പരിഗണിച്ച കോടതി, ആരോപണത്തെ കുറിച്ച് അന്വേഷിക്കുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയുമായിരുന്നു. പരാതി ലഭിച്ച് അഞ്ചാം ദിവസം കോടതി കേസ് തീർപ്പാക്കി. നേരത്തേ വിവാഹാലോചനയുമായി എത്തിയ യുവാവുമായുള്ള വിവാഹം നടത്തിക്കൊടുക്കുകയായിരുന്നുവെന്ന് സൗദി നീതിന്യായ മന്ത്രാലയം അറിയിച്ചു. യുവാവിനെ ഇഷ്ടമാണെന്ന് യുവതി കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി.
വിവാഹ സമയത്ത് പിതാവ് കോടതിയിൽ ഹാജരായിരുന്നില്ല. മകളെ അനുയോജ്യനായ വരന് വിവാഹം ചെയ്ത് നൽകുകയെന്നത് ശരീഅ നിയമപ്രകാരം പിതാവിന്റെ കർത്തവ്യമാണെന്നും വിവാഹത്തിന് തടസ്സം നിൽക്കുന്നതിലൂടെ നിയമലംഘനമാണ് അദ്ദേഹം നടത്തിയതെന്നും കോടതി രേഖാമൂലം പിതാവിനെ അറിയിക്കുകയും ചെയ്തു.
മക്കളുടെ വിവാഹ കാര്യത്തിൽ നിരുത്തരവാദപരമായി രക്ഷിതാക്കൾ പെരുമാറുന്ന സംഭവങ്ങളുണ്ടാവുമ്പോൾ അവരുടെ രക്ഷാകർതൃത്വം ഏറ്റെടുത്ത് വിവാഹം നടത്തിക്കൊടുക്കാൻകോടതികൾക്ക് അധികാരമുണ്ടെന്നും ജഡ്ജി ഉത്തരവിൽ വ്യക്തമാക്കി.