ഭോപ്പാൽ: ഭൂമി കൈയേറ്റക്കേസിൽ സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബയുടെ (യഥാർത്ഥ പേര് നാംദേവ് ദാസ് ത്യാഗി) ആശ്രമം അധികൃതർ പൊളിച്ചുമാറ്റി.
തടയാൻ ശ്രമിച്ച കേസിൽ കമ്പ്യൂട്ടർ ബാബ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യപ്രദേശിൽ കഴിഞ്ഞയാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇയാൾ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
46 ഏക്കറോളം സ്ഥലം കൈയേറിയാണ്
ത്യാഗി ആശ്രമം പണിതതെന്ന് അധികൃതർ ആരോപിച്ചു. ഏകദേശം 80 കോടി വിലമതിക്കുന്നതാണിത്. മദ്ധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ആശ്രമം പൊളിച്ചു മാറ്റിയത്. ത്യാഗി ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി പ്രചാരണം നടത്തിയിരുന്നു.
ത്യാഗിക്ക് നോട്ടീസ് നൽകി രണ്ട് മാസത്തിന് ശേഷം ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരും ജില്ലാ ഭരണകൂടവും ചേർന്ന് ഈ സ്ഥലം വൃത്തിയാക്കിയിരുന്നു. ഇൻഡോറിലെ ജാമോർഹി ഗ്രാമത്തിലെ ഈ സ്ഥലം 2016ൽ ഗോസംരക്ഷണ കേന്ദ്രത്തിനായി മാറ്റിവച്ചതാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശർമ പറഞ്ഞു.
കൈയേറ്റത്തെക്കുറിച്ച് ചിലർ പരാതിപ്പെട്ടതിനെ തുടർന്ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അദ്ദേഹം കൈയേറ്റം ഒഴിപ്പിച്ചില്ലെന്നും അതിനാലാണ് പൊളിച്ചുനീക്കിയതെന്നും അജയ് ശർമ കൂട്ടിച്ചേർത്തു.