theft

പാരിസ്: സൗദി രാജകുമാരിയുടെ പാരിസിലുള്ള അപ്പാർട്ട്മെന്റിൽ മോഷണം. അഞ്ചേകാൽ കോടി രൂപയും വസ്തുവകളും മോഷ്ടിക്കപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോർട്ട്. പാരീസിന്റെ ഹൃദയഭാഗത്തുള്ള ഹൈ-എൻഡ് അവന്യു ജോർജ് അഞ്ചിന് സമീപമുള്ള അപ്പാർട്ട്മെന്റിലാണ് മോഷണമുണ്ടായിരിക്കുന്നത്.

47 കാരിയായ രാജകുമാരി ആഗസ്റ്റ് മുതൽ ഇവിടെ എത്തിയിരുന്നില്ല. 6,00,000 യൂറോ (5,27,02,691.63 ഇന്ത്യൻ രൂപ) മൂല്യമുള്ള ബാഗുകളും, വാച്ചുകളും, ആഭരണങ്ങളും മൃഗങ്ങളുടെ രോമങ്ങൾ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളും അടക്കമുള്ളവയാണ് കാണാതായിരിക്കുന്നത്.

മോഷണവാർത്ത അറിഞ്ഞ രാജകുമാരി ആഘാതത്തിൽ ആശുപത്രിയിലാണുള്ളത്. പൊലീസുമായി ഇവർ ഇതുവരെ സംസാരിച്ചിട്ടില്ല. അതേസമയം, രാജകുമാരിയുടെ പേരോ മറ്റു വിവരങ്ങളോ അധികൃതർ പുറത്തുവന്നിട്ടില്ല.
10,000 മുതൽ 30,000 യൂറോ (ഇന്ത്യൻ രൂപയുടെ കണക്കിൽ 8 ലക്ഷം മുതൽ 26 ലക്ഷം ) വരെ വിലയുള്ള 30 ഹെർമ്സ് ബാഗുകളും ആഭരണങ്ങളും മൃഗങ്ങളുടെ രോമങ്ങൾ ഉപയോഗിച്ചുള്ള ഉത്പന്നങ്ങളുമാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. പാരീസ് പൊലീസിന്റെ പ്രത്യേക ആൻഡി-ഗ്യാംഗ് യൂണിറ്റ് കൈകാര്യം ചെയ്യുന്ന ഔദ്യോഗിക അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് മുതൽ രാജകുമാരിയുടെ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഒരാളെയാണ് പൊലീസ് സംശയിക്കുന്നത്. വീടിന്റെ സ്പെയർ താക്കോലുകളും കാണാതായിട്ടുണ്ട്.