നേമത്ത് ആരൊക്കെയാവും സ്ഥാനാർത്ഥികളാവുക? ഇപ്പോഴെ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഒ. രാജഗോപാൽ ഇനി മത്സരിക്കാനുളള സാദ്ധ്യതയില്ല. സുരേഷ് ഗോപിയെ ഇറക്കുമെന്ന് സൂചന എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഐ.പി ബിനുവിന്റെയും മുൻ എം.എൽ.എ വി ശിവൻകുട്ടിയുടെയും പേരുകളാണ് കേൾക്കുന്നത്.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയപ്പോഴേക്കും സമൂഹ മാദ്ധ്യമങ്ങളിലും പാർട്ടി പ്രവർത്തകർക്കിടയിലും നിയമസഭാ സീറ്റ് സംബന്ധിച്ചുളള ചർച്ചകളും ഉഷാറായി. സംസ്ഥാനത്തെ തന്നെ ശ്രദ്ധാ കേന്ദ്രമായ നേമം മണ്ഡലത്തിൽ ഇക്കുറിയും വാശിയേറിയ പോരാട്ടം നടക്കുമെന്ന് ഉറപ്പാണ്. കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലമെന്ന നിലയിലാണ് നേമം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായത്.
നേമം മണ്ഡലത്തിൽ ആരൊക്കെയാവും സ്ഥാനാർത്ഥികളാവുക എന്നതിൽ ഇപ്പോഴെ ചർച്ചകൾ ആരംഭിച്ച് കഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ഐ.പി ബിനുവിന്റെയും മുൻ എം.എൽ.എ വി ശിവൻകുട്ടിയുടെയും പേരുകളാണ് സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായി കേൾക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ഐ.പി. ബിനുവിന് സീറ്റ് നൽകിയിട്ടില്ല. ഇത് ചർച്ചയും വാർത്തയുമായിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ നടക്കുന്ന ചർച്ചകളിൽ ഐ.പി. ബിനു നേമം മണ്ഡലത്തിലെ അടുത്ത എൽ.ഡി.എഫ് സ്ഥാനാർത്ഥിയാണ് എന്ന മറുപടിയാണ് സി.പി.എം പ്രവർത്തകർ പറയുന്നത്.
പല പ്രമുഖരും സംഭാഷണങ്ങൾക്കിടെ ഐ.പി. ബിനുവിന്റെ പേര് സൂചിപ്പിക്കുന്നുണ്ട്. അതേ സമയം, വി ശിവൻകുട്ടി തന്നെ നേമത്ത് വീണ്ടും സ്ഥാനാർത്ഥിയാവാനുളള സാദ്ധ്യതയും തളളിക്കളയാവുന്നതല്ല. നിലവിലെ എം.എൽ.എയായ ഒ. രാജഗോപാലിനെ 2011ൽ പരാജയപ്പെടുത്തിയാണ് ശിവൻകുട്ടി നേമം എം.എൽ.എയായത്. എന്നാൽ, 2016ൽ ശിവൻകുട്ടി ഒ. രാജഗോപാലിനോട് പരാജയപ്പെടുകയായിരുന്നു.
ബി.ജെ.പിയിൽ ഒ. രാജഗോപാൽ ഇനി മത്സരിക്കാനുളള സാദ്ധ്യതയില്ല. രാജ്യസഭാംഗമായ നടൻ സുരേഷ് ഗോപിയുടെ പേരാണ് ബി.ജെ.പി പ്രവർത്തകർ മണ്ഡലത്തിലേക്ക് മുന്നോട്ടു വയ‌്ക്കുന്നത്. നേതൃത്വത്തിന്റെ മനസ്സിലും അത്തരമൊരു ആലോചനയുണ്ടെന്നാണ് വിവരം.
യു.ഡി.എഫിൽ നിന്ന് നേമത്ത് ഇത്തവണ കോൺഗ്രസ് മത്സരിച്ചേക്കും. കഴിഞ്ഞ രണ്ട് തവണയും യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന എൽ.ജെ.ഡിയാണ് മണ്ഡലത്തിൽ വലതുപക്ഷത്തിന് വേണ്ടി മത്സരിച്ചത്. അത് കൊണ്ടാണ് യു.ഡി.എഫ് വോട്ട് കുത്തനെ ഇടിഞ്ഞതെന്നും തങ്ങൾ മത്സരിച്ചാൽ ഈയവസ്ഥ മാറുമെന്നുമാണ് കോൺഗ്രസ് ആലോചന. എൽ.ജെ.ഡി നിലവിൽ ഘടകക്ഷിയല്ലാത്തതിനാൽ മണ്ഡലം തിരികെയെടുക്കാൻ കോൺഗ്രസിന് തടസ്സമില്ല.
2006ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എൻ. ശക്തൻ മത്സരിച്ചപ്പോൾ 60,884 വോട്ട് നേടിയിരുന്നു. എന്നാൽ, 2011ൽ എൽ.ജെ.ഡിയുടെ ചാരുപാറ രവി മത്സരിക്കാനെത്തിയപ്പോൾ 20,248 വോട്ടായി അത് കുറഞ്ഞു. 2016ൽ എൽ.ജെ.ഡി സ്ഥാനാർത്ഥി വി. സുരേന്ദ്രൻ പിള്ളയായിരുന്നു. യു.ഡി.എഫ് വോട്ട് കേവലം 13,860 വോട്ടായി കുത്തനെ കുറഞ്ഞു.
നിലവിൽ മണ്ഡലത്തിലെ മത്സരം ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലായി മാറിതീർന്നിട്ടുണ്ട്. മണ്ഡലത്തിന് കീഴിലുളള ഭൂരിപക്ഷം കോർപ്പറേഷൻ വാർഡുകളിലും സമാന അവസ്ഥ തന്നെയാണ്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ ആരെങ്കിലും മത്സരിക്കാനെത്തിയാൽ മാത്രമേ ഈയവസ്ഥയ്ക്ക് മാറ്റം വരൂ എന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്. ആരുടെയും പേര് ഇപ്പോൾ ചർച്ചകളിൽ ഇല്ലെങ്കിലും വിജയൻ തോമസ്, ജി.വി. ഹരി തുടങ്ങിയവരുടെ പേരുകൾ പ്രവർത്തകർക്കിടയിൽ സംസാരവിഷയമായി മാറിയിട്ടുണ്ട്.