റയൽ ബെറ്റിസിനെ 5-2ന് തകർത്ത് ബാഴ്സലോണ
മാഡ്രിഡ് : റയൽ ബെറ്റിസിനെതിരായ തകർപ്പൻ വിജയത്തോടെ സ്പാനിഷ് ലാ ലിഗയിൽ ഫോം വീണ്ടെടുത്ത് ബാഴ്സലോണ.പകരക്കാരനായി കളത്തിലിറങ്ങിയ സൂപ്പർ താരം ലയണൽ മെസി ഇരട്ടഗോളടിച്ച മത്സരത്തിലായിരുന്നു ബാഴ്സയുടെ വിജയം. കഴിഞ്ഞ അഞ്ച് ലാ ലിഗ മത്സരങ്ങളിൽ ബാഴ്സയുടെ ആദ്യ വിജയമാണിത്.
സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ 22-ാം മിനിട്ടിൽ ഒസ്മാനേ ഡെംബെലെയുടെ ഗോളിലൂടെ ബാഴ്സയാണ് സ്കോറിംഗ് തുടങ്ങിവച്ചത്.എന്നാൽ ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് സനാബ്രിയയിലൂടെ ബെറ്റിസ് സമനില പിടിച്ചിരുന്നു.ആദ്യ പകുതിയിൽ ഗ്രീസ്മാൻ ഒരു പെനാൽറ്റി പഴാക്കുകയും ഒരു ഷോട്ട് പോസ്റ്റിലടിച്ചുകളയുകയും ചെയ്തിരുന്നു.
ഇതോടെ രണ്ടാം പകുതിയിൽ ബാഴ്സ കോച്ച് റൊണാൾഡ് കൂമാൻ മെസിയെ കളത്തിലേക്ക് ഇറക്കി. 49-ാം മിനിട്ടിൽ മെസിയുടെ ബുദ്ധിപരമായ ഒരു ഇടപെടൽ ഗ്രീസ്മാന് ഗോളടിച്ച് ബാഴ്സയെ മുന്നിലെത്തിക്കാൻ വഴിയൊരുക്കി. 60-ാം മിനിട്ടിൽ ഹാൻഡ്ബാൾ ഫൗളിന് മാൻഡി ചുവപ്പുകണ്ട് പുറത്തായതിന് ലഭിച്ച പെനാൽറ്റി മെസി തന്റെ ആദ്യ ഗോളാക്കി. 73-ാം മിനിട്ടിൽ ലോറൺ മോറോണിലൂടെ ഒരു ഗോൾ കൂടി വലയിലെത്തിച്ച് ബെറ്റിസ് പൊരുതിയെങ്കിലും 82-ാം മിനിട്ടിൽ മെസിയും 90-ാം മിനിട്ടിൽ പെഡ്രിയും നേടിയ ഗോളുകൾ വിജയമാർജിൻ 5-2 ആയി ഉയർത്തി.
ഈ വിജയത്തോടെ ഏഴ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റായ ബാഴ്സ ലാ ലിഗ പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് എത്തി.കഴിഞ്ഞ ദിവസം കാഡിസിനെ 4-0ത്തിന് തോൽപ്പിച്ച അത്‌ലറ്റിക്കോ മാഡ്രിഡാണ് 17 പോയിന്റുമായി ഒന്നാം സ്ഥാനത്ത്.അത്‌ലറ്റിക്കോയ്ക്ക് വേണ്ടി യാവോ ഫെലിക്സ് ഇരട്ടഗോളടിച്ചപ്പോൾ ലൂയിസ് സുവാരേസ്, ലോറന്റെ എന്നിവർ ഓരോ ഗോൾ നേടി.