മുംബയ്: തന്റെ ജീവൻ അപകടത്തിലാണെന്നും തന്നെ പൊലീസുകാർ മർദ്ദിച്ചുവെന്നും ടിവി ക്യാമറയ്ക്ക് മുൻപിൽ വിളിച്ചുപറഞ്ഞ് പൊലീസ് കസ്റ്റഡിയിലുള്ള 'റിപ്പബ്ലിക് ടിവി' എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമി. അർണാബിനെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനിടെയാണ് അദ്ദേഹം പൊലീസ് വാഹനത്തിന് മുൻപിലായി കൂടിയ മാദ്ധ്യമപ്രവർത്തകരോടും റിപ്പബ്ലിക് ടിവി ക്യാമറയോടും ഇക്കാര്യങ്ങൾ വിളിച്ചുപറഞ്ഞത്. ജയിലി മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അദ്ദേഹത്തെ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
'ഞാൻ എന്റെ അഭിഭാഷകരോടാണ് പറയുന്നത്. എന്റെ ജീവന്‍ അപകടത്തിലാണ്. എന്റെ ജീവന്‍ അപകടത്തിലാണ്. അഭിഭാഷകരോട് സംസാരിക്കാൻ അവർ എന്നെ അനുവദിക്കുന്നില്ല. അവർ എന്നെ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്തു. രാവിലെ ആറ് മണിക്ക് എന്നെ വിളിച്ചുണര്‍ത്തി. പ്ലീസ് രാജ്യത്തെ ജനങ്ങളോട് ഇക്കാര്യം പറയുക. എന്റെ ജീവന്‍ അപകടത്തിലാണ്. എന്റെ ജീവന്‍ അപകടത്തിലാണ്. എന്നെ സഹായിക്കാൻ കോടതികളോട് പറയൂ.' ഇങ്ങനെയായിരുന്നു അർണാബിന്റെ വാക്കുകൾ.
അര്‍ണാബ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതി തിങ്കളാഴ്ചയാണ് വിധി പറയുക. ചെയ്ത ജോലിയുടെ പണം നല്‍കാത്തിനെ തുടര്‍ന്ന് ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക് ആത്മഹത്യ ചെയ്ത കേസിലാണ് അര്‍ണാബിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇടക്കാല ജാമ്യം ലഭിക്കുന്നതിനായി അര്‍ണാബിന് വാദിക്കാന്‍ എത്തിയത് രാജ്യത്തെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആയിരുന്നു. ആദ്യ ദിവസം ജാമ്യം നിഷേധിച്ച ഹൈക്കോടതി പിന്നീട് വിശദമായ വാദം കേട്ട് തിങ്കളാഴ്ച വിധി പറയാനായി മാറ്റിവെക്കുകയായിരുന്നു.