kamala

വാഷിംഗ്ടൺ: 'ഈ പദവിയിലെത്തുന്ന ആദ്യത്തെ വനിത ഞാനായിരിക്കാം..പക്ഷേ, ഒരിക്കലും അവസാനത്തേതാവില്ല' - അമേരിക്കയിൽ ചരിത്രം കുറിച്ച് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ കമലാ ഹാരീസിന്റെ വാക്കുകൾ.. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യത്തെ പ്രസംഗത്തിൽ അമേരിക്കയിലെ സ്ത്രീകളുടെ,​ പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാരികളുടെ അവകാശപ്പോരാട്ടങ്ങൾക്ക് കമല ആദരമർപ്പിച്ചു.നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സംസ്ഥാനമായ ഡെലാവെയറിലെ വിൽമിംഗ്ടൺ നഗരത്തിലെ റാലിയിലായിരുന്നു ജനങ്ങളിൽ ആവേശവും അഭിമാനവും നിറച്ച കമലയുടെ പ്രസംഗം..

ഇന്ന് ഞാൻ ഇവിടെ നിൽക്കാൻ കാരണക്കാരിയായ എന്റെ അമ്മ ശ്യാമള ഗോപാലനോട് നന്ദിയുണ്ട്. പത്തൊൻപതാം വയസിൽ അമ്മ ഇന്ത്യയിൽ നിന്ന് ഇവിടെ വന്നപ്പോൾ ഈ നിമിഷം സ്വപ്നത്തിൽപ്പോലും കണ്ടിട്ടുണ്ടാവില്ല. പക്ഷേ, ഇത്തരം നിമിഷങ്ങൾ അമേരിക്കയിൽ സാദ്ധ്യമാണെന്ന് അമ്മ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു. ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്

അമ്മയെപ്പറ്റി മാത്രമല്ല. സ്ത്രീകളുടെ നിരവധി തലമുറകളെപ്പറ്റിയാണ്. കറുത്ത വർഗ്ഗക്കാരായ സ്‌ത്രീകൾ,​ ഏഷ്യക്കാരും വെള്ളക്കാരും തദ്ദേശീയ അമേരിക്കക്കാരും ഉൾപ്പെടെ ഇന്നത്തെ രാത്രിയിലെ ഈ നിമിഷത്തിന് വഴിവിളക്കുകളായ,​ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലുടനീളമുള്ള സ്‌ത്രീകളെയാണ് . വോട്ടവകാശം നേടിയെടുക്കാനും സംരക്ഷിക്കാനും സംഘടിതമായി പോരാടിയ വനിതകൾ. നമ്മുടെ ജനാധിപത്യത്തിന്റെ നട്ടെല്ലാണെന്ന് തെളിയിച്ചിട്ടും പലപ്പോഴും തഴയപ്പെടുന്ന കറുത്ത വർഗ്ഗക്കാരായ വനിതകൾ. അവരുടെ പോരാട്ടങ്ങളെ,​ ഇച്ഛാശക്തിയെ,​ ദീർഘവീക്ഷണത്തെ ഞാൻ അനുസ്മരിക്കുന്നു. സമത്വത്തിന് വേണ്ടി പോരാടിയ,​ ആത്മത്യാഗം ചെയ്ത വനിതകൾ. അവരുടെ ചുമലിലാണ് ഞാൻ നിൽക്കുന്നത്. നമ്മുടെ രാജ്യത്ത് നിലനിന്ന ഏറ്റവും വലിയ വിവേചനത്തെ തകർത്ത് ഒരു വനിതയെ തന്റെ വൈസ്‌പ്രസിഡന്റായി തിരഞ്ഞെടുക്കാൻ ജോ ബൈഡൻ ധീരത കാട്ടി. ഞാൻ ഉറപ്പു തരുന്നു,​ ബൈഡൻ ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നത് പോലെ, ഞാൻ ബൈഡന്റെ വൈസ് പ്രസിഡന്റായിരിക്കും.. ​ വിശ്വസ്തതയോടെ സത്യസന്ധതയോടെ. ഇപ്പോൾ ഇത് കാണുന്ന ഓരോ പെൺകുട്ടിയും തിരിച്ചറിയും,​ അമേരിക്ക ഒരുപാട് സാദ്ധ്യതകളുടെ നാടാണെന്ന്. ഇതൊരു വലിയ സന്ദേശമാണ്. പുരോഗതി സ്വപ്നം കാണുക,​ പ്രതിബദ്ധതയോടെ നയിക്കുക,​ മറ്റുള്ളവർ കാണാത്ത വിധത്തിൽ നിങ്ങൾ നിങ്ങളെത്തന്നെ കാണുക - കമലയുടെ വാക്കുകൾ ജനക്കൂട്ടം നെഞ്ചിലേറ്റി.

അമേരിക്കയിൽ സ്‌ത്രീകളുടെ വോട്ടവകാശ പ്രക്ഷോഭത്തോടുള്ള ആദരസൂചകമായി വെളുത്ത സ്യൂട്ട് ധരിച്ചാണ് കമല വേദിയിലെത്തിയത്. 1920ൽ അംഗീകരിച്ച ഭരണഘടനാ ഭേദഗതിയിലൂടെയാണ് വനിതകൾക്ക് വോട്ടവകാശം ലഭിച്ചതെന്ന് കമല ചൂണ്ടിക്കാട്ടി.

ട്രംപിന് പരോക്ഷ വിമർശനം

ഈ തിരഞ്ഞെടുപ്പിൽ നമ്മുടെ ജനാധിപത്യവും അമേരിക്കയുടെ ആത്മാവ് തന്നെയും അപകടത്തിലായിരുന്നു. നിങ്ങൾ ജനാധിപത്യത്തെ രക്ഷിച്ചു. പ്രതീക്ഷ,​ ഐക്യം,​ അന്തസ്,​ മാന്യത,​ സയൻസ്,​ സത്യസന്ധത എന്നിവയെയാണ് നിങ്ങൾ തിരഞ്ഞെടുത്തത്- ട്രംപിനെ പരോക്ഷമായി വിമർശിച്ച് കമല പറഞ്ഞപ്പോൾ ജനം ആർത്തു വിളിച്ചു.ജോ ബൈഡന്റെ പരിചയസമ്പത്ത് രാജ്യത്തിന് ലക്ഷ്യബോധം നൽകുമെന്നും കമല പറഞ്ഞു.