വാഷിംഗ്ടൺ: കൊവിഡ് മഹാമാരി ലോകത്തെ വൻ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അതിനിടയിലാണ് കൊവിഡ് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ ശാസ്ത്രഞ്ജർ പുറത്തുവിട്ടിരിക്കുന്നത്. മിങ്കുകളിൽ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്നാണ് ശാസ്ത്രഞ്ജർ മുന്നറിയിപ്പ് നൽകുന്നത്.വടക്കൻ ഡെന്മാർക്കിൽ ഇതുവരെ 214 പേരിൽ ഈ വൈറസിനെ കണ്ടെത്തിയതായാണ് വിവരം.
കൊവിഡ് വ്യാപനം തടയാനായി 17 ദശലക്ഷം മിങ്കുകളെ രാജ്യത്ത് കൊന്നൊടുക്കുമെന്ന ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണിന്റെ പ്രസ്താവന വിവാദമായിരുന്നു. കൊവിഡ് വ്യാപനം തടയാൻ ഡെന്മാർക്കിൽ കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. മിങ്കുകളിൽ നിന്ന് മനുഷ്യരിലേക്കുള്ള വൈറസിന്റെ പരിവർത്തനം ആന്റിബോഡി ഉല്‍പാദനം ദുർബലമാക്കുമെന്നാണ് റിപ്പോർട്ട്. ഇത് കൊവിഡ് വാക്‌സിന്റെ ഫലത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധർ കരുതുന്നു.
മിങ്കുകളിൽ കണ്ടെത്തിയ കൊറോണവൈറസ് അപകടകാരിയാണെന്ന് കൊളംബിയ സർവകലാശാലയിലെ വൈറോളജിസ്റ്റ് ഏഞ്ചല റാസ്മുസെൻ അഭിപ്രായപ്പെട്ടു. ഇതിനായുള്ള കൂടുതൽ തെളിവുകൾക്കായി കാത്തിരിക്കുകയാണെന്ന് ഏഞ്ചല പറഞ്ഞു. ജനിതക മാറ്റം സംഭവിച്ചെന്ന് വെളിവാക്കുന്ന തെളിവുകൾ നിരത്താന്‍ ശാസ്ത്ര ലോകത്തെ അനുവദിക്കുമെന്ന് ഏഞ്ചല വ്യക്തമാക്കി.
നീർനായകളുടെ വർഗത്തിൽപ്പെട്ട മിങ്കുകൾ ഡെന്മാർക്കിൽ വളരെ കൂടുതലാണ്. ഇവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് മിങ്കുകളെ വൻതോതിൽ കയറ്റി അയക്കുന്നുണ്ട്. ഡെന്മാർക്ക്, അമേരിക്ക, ഇറ്റലി, നെതർലാൻഡ്സ്, സ്‌പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളിലാണ് മിങ്കുകളിൽ കൊറോണവൈറസിനെ കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഡെന്മാർക്കിൽ നിന്നുള്ളവർക്ക് ബ്രിട്ടനിൽ വിലക്ക്
ഡെന്മാർക്കിൽ നിന്ന് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി ബ്രിട്ടൻ. ട്രാൻസ്‌പോർട്ട് സ്‌റ്റേറ്റ് സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 14 ദിവസത്തിനിടെ ഡെന്മാർക്കിലായിരുന്ന എല്ലാ ബ്രിട്ടീഷ് ഇതര പൗരന്മാരെയും അതിർത്തികളിൽ തടയും. ഡെന്മാർക്കിൽ നിന്ന് മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാർ വീടുകളിൽ തന്നെ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയണം.