ടൂറിൻ : ഇറ്റാലിയൻ സെരി എയിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ അവസാന നിമിഷം സമനിലയിൽ തളച്ച് ലാസിയോ. ലാസിയോയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളാണ് നേടിയത്. 15-ാം മിനിട്ടിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ മുന്നിലെത്തിയിരുന്ന യുവന്റസിനെ ഇൻജുറി ടൈമിന്റെ അഞ്ചാം മിനിട്ടിൽ കായ്സെയ്ദോയുടെ ഗോളിലൂടെയാണ് ലാസിയോ സമനിലയിൽ തളച്ചത്.
യുവാൻ ക്വാർഡാഡോയുടെ ക്രോസിൽ നിന്നാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയിരുന്നത്. കൊവിഡ് മാറിയ ശേഷമുള്ള തുടർച്ചയായ മൂന്നാം മത്സരത്തിലായിരുന്നു സൂപ്പർ താരത്തിന്റെ ഗോൾ. രണ്ടാം പകുതിയിൽ നേരിയ പരിക്കേറ്റ ക്രിസ്റ്റ്യാനോയെ 77-ാം മിനിട്ടിൽ പിൻവലിച്ച് ഡിബാലയെ ഇറക്കി. യുവന്റസ് ജയിച്ചെന്ന് കരുതിയിരിക്കേയാണ് ഫൈനൽ വിസിലിന് തൊട്ടുമുമ്പ് കോറിയയുടെ പാസിൽ നിന്ന് കായ്സെയ്ദോ ഗോളടിച്ചത്.
ഏഴ് മത്സരങ്ങളിൽ നിന്ന് 13 പോയിന്റുള്ള യുവന്റസ് സെരി എയിൽ മൂന്നാം സ്ഥാനത്താണ്.