uae

അബുദാബി: രാജ്യത്ത് നിലവിലുള്ള ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ വൻ മാറ്റങ്ങളുമായി യു.എ.ഇ. രാജ്യത്തെ നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്. പ്രവാസികളുടെ വിൽപ്പത്രവും പിന്തുടർച്ചാവകാശവും, സ്ത്രീസുരക്ഷ, വിവാഹം, വിവാഹമോചനം, ലൈംഗികാതിക്രമം, പീഡനം, ദുരഭിമാനക്കൊല എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ് യു.എ.ഇ സർക്കാർ മാറ്റങ്ങൾ വരുത്തിയത്.

പുതിയ ഭേദഗതി പ്രകാരം വിദേശികളായ താമസക്കാര്‍ക്ക് പിന്‍തുടര്‍ച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അവരുടെ സ്വന്തം രാജ്യത്തെ നിയമങ്ങള്‍ പിന്തുടരാവുന്നതാണ്. അതത് രാജ്യത്തെ വ്യക്തി നിയമങ്ങള്‍ അനുസരിച്ച് സ്വത്ത് കൈമാറ്റവും നടത്താം. മരിച്ച വ്യക്തിയുടെ ദേശീയത അനുസരിച്ച് അനന്തരാവകാശം കൈകാര്യം ചെയ്യുമെന്ന് പുതിയ മാറ്റങ്ങൾ പറയുന്നു.

അതേസമയം, വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമമാണ് ബാധകമാവുക. പുതിയ ഭേദഗതി അനുസരിച്ച്, ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവരെ മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയമാക്കും. മുൻപായിരുന്നുവെങ്കിൽ ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുമായിരുന്നു. ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായി കണക്കാക്കി ശിക്ഷ കടുത്ത ശിക്ഷ നൽകും.

ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഇനി മുതൽ ശിക്ഷാർഹമായിരിക്കില്ല. മാനസിക വെല്ലുവിളി നേരിടുന്നയാളെ ചൂഷണം ചെയ്താലും, പ്രതി ഇരയുടെ അടുത്ത ബന്ധുവാണെങ്കിലും ഉഭയസമ്മതപ്രകാരമാണെന്ന് കണക്കാക്കില്ല. സ്ത്രീക്കും പുരുഷനും നിയമം ബാധകമാണ്. പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക ബന്ധം,മാനസിക വെല്ലുവിളി നേരിടുന്നവരെ ലൈംഗികമായി ചൂഷണം എന്നീ കുറ്റങ്ങൾക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം.

ഭേദഗതി വരുത്തിയ നിയമങ്ങൾ അനുസരിച്ച് 21 വയസ്സിന് മുകളിലുള്ളവർക്ക് മദ്യപാനം അനുവദിനീയമാണ്. എന്നാൽ 21 വയസിൽ താഴെയുള്ളവർ മദ്യം വിൽക്കുകയോ മദ്യപാനമോ ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷയുണ്ടാകും.

21 വയസ്സിൽ താഴെയുള്ളവർക്കുവേണ്ടി മദ്യം വാങ്ങുന്നതും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ദുരഭിമാന കുറ്റകൃത്യങ്ങള്‍ കൊലപാതകമായി കണക്കാക്കി ശിക്ഷ കടുത്ത ശിക്ഷ നൽകും. പൊതുസ്ഥലങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്ക് ജയിൽശിക്ഷ നൽകുന്നതിന് പകരം ഇനി മുതൽ പിഴ ചുമത്തും. പൊതു സ്ഥലങ്ങളിൽ വച്ചുള്ള വഴക്ക്, അടികൂടൽ, ചുംബനം എന്നീ പ്രവർത്തനങ്ങൾക്ക് പിഴ ചുമത്തും.

Content Highlights: UAE relaxes islamic laws to allow personal freedom.