donald-trump-kushner

വാഷിംഗ്ടൺ: തോൽവി സമ്മതിക്കണമെന്നും സ്ഥാനം ഒഴിയണമെന്നും നിലവിലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹത്തിന്റെ മരുമകൻ ജാരഡ് കുഷ്‌നർ ഉപദേശിച്ചതായി വിവരം. അമേരിക്കൻ മാദ്ധ്യമമായ സി.എൻ. എന്നിന്റെ വൈറ്റ് ഹൗസ് കറസ്‌പ്പോണ്ടന്റ് കെയ്റ്റിലിൻ കോളിൻസ് ആണ് തന്റെ ട്വിറ്റർ അക്കൗണ്ട് വഴി ഇതേക്കുറിച്ച് സൂചന നൽകിയത്.

തന്റെ രണ്ട്‍ സ്രോതസുകളിൽ നിന്നും ഇതേക്കുറിച്ച് വിവരം ലഭിച്ചുവെന്നും അവർ പറയുന്നു. നേരത്തെ 'ട്രംപിനെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവരു'ന്നതുമായി ബന്ധപ്പെട്ട് ആര് ഇടപെടണം എന്നത് സംബന്ധിച്ച് വൈറ്റ് ഹൗസിൽ ചർച്ചകൾ നടക്കുന്നതായി കോളിൻസ് റിപ്പോർട്ട് ചെയ്തിരുന്നു.

Some news — Jared Kushner has approached President Trump about conceding the election, per two sources.

— Kaitlan Collins (@kaitlancollins) November 8, 2020

ട്രംപിന്റെ മകളായ ഇവാങ്കയോ ഭർത്താവ് കുഷ്‌നറോ ആണ് ഇക്കാര്യത്തിൽ അദ്ദേഹത്തെ സമീപിക്കേണ്ടതെന്നാണ് തീരുമാനമുണ്ടായതെന്നും കോളിൻസ് പറഞ്ഞിരുന്നു. പ്രസിഡന്റ് ഇലക്ടായ ജോ ബൈഡനോട് തോൽവി സമ്മതിക്കണമെന്നും മത്സരത്തിന്റെ ഫലം അംഗീകരിക്കണമെന്നും കുഷ്‌നർ ട്രംപിനോട് പറഞ്ഞതായാണ് വിവരം.

പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ബൈഡൻ വിജയിച്ചിട്ടും ട്രംപ് പരാജയം സമ്മതിക്കാത്തത് വൻതോതിൽ വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു. ട്രംപിന്റെ സ്വന്തം പാർട്ടിയിൽ നിന്നുമുള്ള ഉന്നത നേതാക്കളും ലോക നേതാക്കളും പ്രസിഡന്റ് ഇലക്ടായ ബൈഡന് ആശംസകൾ നൽകിയിട്ടും ട്രംപ് തന്റെ നിലപാടിൽ മാറ്റം വരുത്തിയില്ല.